Showing posts with label മറ്റു കവികള്‍. Show all posts
Showing posts with label മറ്റു കവികള്‍. Show all posts

വള്ളത്തോൾ നാരായണമേനോൻ


ഇത് വായിക്കേണ്ടേ ..? എന്നാല്‍ , മറ്റു കവികള്‍ എന്ന list ലേക്ക് തിരിച്ചു പോകൂ.... 


========================================================================
ആധുനിക കവിത്രയത്തിലെ മൂനാമത്തെ കവിയെ കുറിച്ചാണ് ഇനി പറയുന്നത്..

വള്ളത്തോളിന്റെ ഒരു കവിത കേള്‍ക്കൂ..
(വന്ദിപ്പിന്‍  മാതാവിനെ..)


മലയാള മഹാകവിയും , കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമാണ് വള്ളത്തോൾ നാരായണമേനോൻ . മലയാളഭാഷാ കവിത്രയങ്ങളിൽ ശബ്ദ സുന്ദരനും, സർഗ്ഗാത്മകകൊണ്ട് അനുഗ്രഹിത നുമായിരുന്ന മഹാകവി വള്ളത്തോൾ നാരായണമേനോൻ, തികഞ്ഞ മനുഷ്യസ്നേഹിയും മതസൌഹാർദ്ദത്തിന്റെ വക്താവും ആയിരുന്നു. മലയാളഭാഷയെ ലോകത്തിനു മുമ്പിൽ ധൈര്യമായി അവതരിപ്പിക്കുകയും മലയാളത്തിന്റെ തനത് കലയായ കഥകളിയെ പരിപോഷിപ്പിക്കുകയും ലോകജനതക്കു മുമ്പിൽ സമർപ്പിക്കുകയും അതുവഴി മലയാളവും, കഥകളിയും അന്താരാഷ്ട്ര പ്രസിദ്ധി നേടുകയും ചെയ്തു. സ്വാതന്ത്രലബ്ധിക്കായ് തൂലിക പടവാളാക്കി മാറ്റി ബ്രിട്ടീഷു കാർക്കെതിരെ സമരകാഹളം മുഴക്കുന്നതിന് ഭാരതജനതയെ ഒന്നടക്കം ആവേശഭരിതരാക്കുകയും മഹാത്മജിയുടെ ആദർശങ്ങളിൽ അടിച്ചുറച്ച് വിശ്വസിക്കുകയും, ഗാന്ധിജിയെ ഗുരുനാഥനായി സ്വീകരിക്കുകയും ചെയ്ത മഹാനായിരുന്നു മഹാകവി വള്ളത്തോൾ.


ജീവചരിത്രം

1878 ഒക്ടോബർ 16-ന് തിരൂരിനു സമീപം ജനിച്ചു.സംസ്കൃത പഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽ നിന്ന് തർക്കം പഠിച്ചു.1905-ൽ തുടങ്ങിയവാല്മീകി രാമായണ വിവർത്തനം 1907-ൽ‍ പൂർത്തിയാക്കി. 1908-ൽ ബധിരനായി. 1915-ൽ ചിത്രയോഗം പ്രസിദ്ധീകരിച്ചു. അതേ വർഷം കേരളോദയത്തിന്റെ പത്രാധിപരായി. 1958 മാർച്ച് 13-ന് അന്തരിച്ചു.

വിവിധ വിഭാഗത്തിൽപ്പെട്ടവയാണ് അദ്ദേഹത്തിന്റെ പരിഭാഷകൾ. ദേശീയപ്രക്ഷോഭത്തിനെ ത്വരിപ്പിക്കുന്നതിനായി രചിച്ചവയാണ് സാഹിത്യമജ്ഞരിയിൽ സമാഹരിക്കപ്പെട്ട ദേശീയ കവനങ്ങൾ.

വള്ളത്തോൾ നാരായണ മേനോൻ

വള്ളത്തോൾ നാരായണ മേനോൻ
ജനനം1878 16 ഒക്ടോബർ
തിരൂർകേരളം
മരണം1958 മാർച്ച് 13(പ്രായം 79)
തൊഴിൽമഹാകവി, വിവർത്തകൻ
ദേശീയത ഇന്ത്യ
പ്രധാനപ്പെട്ട കൃതികൾഎന്റെ ഗുരുനാഥൻ

ജനനം

1878 ഒക്ടോബർ 16ന് തിരൂരിനു സമീപം ജനിച്ചു.

ബാല്യം

സംസ്കൃത പഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽ നിന്ന് തർക്കം പഠിച്ചു.

ആദ്യകാല രചനകൾ

1905ൽ തുടങ്ങിയ വാല്മീകി രാമായണ വിവർത്തനം 1907 പൂർത്തിയാക്കി.

സാഹിത്യപ്രവർത്തനം

1915ൽ ചിത്രയോഗം പ്രസിദ്ധീകരിച്ചു.അതേ വർഷം കേരളോദയത്തിന്റെ പത്രാധിപരായി. 

കേരള കലാമണ്ഡലം

കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമാണ്.

ആരാധകർ

വള്ളത്തോൾ ഒരുപാടു പേരുടെ ആരാധനാപാത്രവുമായിന്നു. മലയാളസാഹിത്യവിമർശന രംഗത്തെ കുലപതി കുട്ടിക്ർഷ്ണമാരാർ വള്ളത്തോളിന്രെ കേട്ടെഴുത്തുകാരനായിരുന്നു എന്നത് ഒരത്ഭുതമല്ല. വള്ളത്തോളിനെ സ്തുതിച്ച് ഒരു ശ്ലോകം-

തള്ളപ്പെട്ടുള്ളൊരസ്മന്മ്ർത കഥകളിയിൽ ജീവനാരാവഹിച്ചൂ

കള്ളം വിട്ടാരുന്മ്മൾക്കരുളിയതതിലും പുത്തനാം ന്ര്ത്തരുപം

പിള്ളേർക്കൊത്തോരു നമ്മെ പിത്ർസദ്ർശമതിൽ പിച്ചവെപ്പിച്ചതാരാ

വള്ളത്തോൾ വെൽവുകിക്കേരള കലാമണ്ഡലാഖണ്ഡപുണ്യം.

പി കുഞ്ഞിരാമൻ നായരുടെ കളിയച്ഛൻ എന്ന കവിത ഒറ്റപ്പാലം സാഹിത്യപരിഷത്തിൽ അവതരിപ്പിച്ച ശേഷം കവി വള്ളത്തോളിനെ സാഷ്ടാംഗം നമസ്കരിച്ചത് ചരിത്രം.

സ്വാതന്ത്ര്യസമരം

സ്വാതന്ത്ര്യം തന്നെ അമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികൾക്കു മൃതിയെക്കാൾ ഭയാനകം - എന്നു പാടിയ കവി. സ്വാതന്ത്ര്യസമരത്തെക്കുറിച്ച് ഒരുപാട് ഏഴുതിയിട്ടുണ്ട്.

രചനകൾ

കൃതി‌പ്രസാധകർവർഷം
അച്ഛനും മകളുംമംഗളോദയം-തൃശ്ശൂർ1936
അഭിവാദ്യംവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1956
അല്ലാഹ്-1968
ഇന്ത്യയുടെ കരച്ചിൽവെള്ളിനേഴി-പാലക്കാട്1943
ഋതുവിലാസംവിദ്യാവിലാസം-കോഴിക്കോട്1922
എന്റെ ഗുരുനാഥൻവെള്ളിനേഴി-പാലക്കാട്1944
ഒരു കത്ത് അഥവാ രുഗ്മിയുടെ പശ്ചാത്താപംഎ.ആർ.പി-കുന്നംകുളം1917
ഓണപ്പുടവവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1950
ഔഷധാഹരണംമംഗളോദയം-തൃശ്ശൂർ1915
കാവ്യാമൃതംശ്രീരാമവിലാസം-കൊല്ലം1931
കൈരളീകടാക്ഷംവി.പി-തിരുവനന്തപുരം1932
കൈരളീകന്ദളംസുന്ദരയ്യർ ആന്റ് സൺസ്-തൃശ്ശൂർ1936
കൊച്ചുസീതമംഗളോദയം-തൃശ്ശൂർ1930
കോമള ശിശുക്കൾബാലൻ-തിരുവനന്തപുരം1949
ഖണ്ഡകൃതികൾവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1965
ഗണപതിഎ.ആർ.പി-കുന്നംകുളം1920
ചിത്രയോഗം അഥവാ താരാവലീ ചന്ദ്രസേനംലക്ഷ്മീസഹായം-കോട്ടയ്ക്കൽ1914
ദണ്ഡകാരണ്യംവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1960
ദിവാസ്വപ്നംപി.കെ.-കോഴിക്കോട്1944
നാഗിലവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1962
പത്മദളംകമലാലയം-തിരുവനന്തപുരം1949
പരലോകംവെള്ളിനേഴി-പാലക്കാട്
ബധിരവിലാപംലക്ഷ്മീസഹായം-കോട്ടയ്ക്കൽ1917
ബന്ധനസ്ഥനായ അനിരുദ്ധൻഎ.ആർ.പി-കുന്നംകുളം1918
ബാപ്പുജിവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1951
ഭഗവൽസ്തോത്രമാലവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1962
മഗ്ദലനമറിയം അഥവാ പശ്ചാത്താപം-1921
രണ്ടക്ഷരംസരസ്വതീ വിലാസം-തിരുവനന്തപുരം1919
രാക്ഷസകൃത്യംഎസ്.വി-തിരുവനന്തപുരം1917
വള്ളത്തോളിന്റെ ഖണ്ഡകാവ്യങ്ങൾമാതൃഭൂമി-കോഴിക്കോട്1988
വള്ളത്തോളിന്റെ പദ്യകൃതികൾ ഒന്നാം ഭാഗംസാഹിത്യപ്രവർത്തക സഹകരണസംഘം-കോട്ടയം1975
വള്ളത്തോളിന്റെ പദ്യകൃതികൾ രണ്ടാം ഭാഗംസാഹിത്യപ്രവർത്തക സഹകരണസംഘം-കോട്ടയം1975
വള്ളത്തോൾ കവിതകൾഡി.സി.ബുക്സ്-കോട്ടയം2003
വള്ളത്തോൾ സുധവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1962
വിലാസലതികഎ.ആർ.പി-കുന്നംകുളം1917
വിഷുക്കണിവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1941
വീരശൃംഖലവി.സുന്ദരയ്യർ ആന്റ് സൺസ്-തൃശ്ശൂർ
ശരണമയ്യപ്പാവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1942
ശിഷ്യനും മകനുംഎ.ആർ.പി-കുന്നംകുളം1919
സാഹിത്യമഞ്ജരി-ഒന്നാം ഭാഗംഎ.ആർ.പി-കുന്നംകുളം1918
സാഹിത്യമഞ്ജരി-രണ്ടാം ഭാഗംഎ.ആർ.പി-കുന്നംകുളം1920
സാഹിത്യമഞ്ജരി-മൂന്നാം ഭാഗംഎ.ആർ.പി-കുന്നംകുളം1922
സാഹിത്യമഞ്ജരി-നാലാം ഭാഗംഎ.ആർ.പി-കുന്നംകുളം1924
സാഹിത്യമഞ്ജരി-അഞ്ചാം ഭാഗംഎ.ആർ.പി-കുന്നംകുളം1926
സാഹിത്യമഞ്ജരി-ആറാം ഭാഗംഎ.ആർ.പി-കുന്നംകുളം1934
സാഹിത്യമഞ്ജരി-ഏഴാം ഭാഗംഎ.ആർ.പി-കുന്നംകുളം1935
സാഹിത്യമഞ്ജരി-എട്ടാം ഭാഗംഎ.ആർ.പി-കുന്നംകുളം1951
സാഹിത്യമഞ്ജരി-ഒമ്പതാം ഭാഗംഎ.ആർ.പി-കുന്നംകുളം1959
സാഹിത്യമഞ്ജരി-പത്താം ഭാഗംഎ.ആർ.പി-കുന്നംകുളം1964
സാഹിത്യമഞ്ജരി-പതിനൊന്നാം ഭാഗംഎ.ആർ.പി-കുന്നംകുളം1970
സ്ത്രീവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1944
റഷ്യയിൽവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1951
ഗ്രന്ഥവിചാരംമംഗളോദയം-തൃശ്ശൂർ1928
പ്രസംഗവേദിയിൽവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1964
വള്ളത്തോളിന്റെ ഗ്രന്ഥനിരൂപണങ്ങളും പ്രസംഗങ്ങളുംമാതൃഭൂമി-കോഴിക്കോട്1986

പത്മഭൂഷൺ

1954ൽ ഭാരതം ത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്‌.

അടുത്ത കവിയെപ്പറ്റി വായിക്കാന്‍ , മറ്റു കവികള്‍ എന്ന list ലേക്ക് തിരിച്ചു പോകൂ.... 

ഉള്ളൂർ എസ്. പരമേശ്വരയ്യർ


ഇത് വായിക്കേണ്ടേ ..? എന്നാല്‍ , മറ്റു കവികള്‍ എന്ന list ലേക്ക് തിരിച്ചു പോകൂ.... 
========================================================================
ആധുനിക കവിത്രയത്തില്‍ ഒരാളായ ഉള്ളൂർ എസ്. പരമേശ്വരയ്യരെ കുറിച്ചാണ് ഇനി പറയുന്നത്..



മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന റാവു സാഹിബ് മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ (1877 ജൂൺ 06 -ജൂൺ 15, 1949.) ചങ്ങനാശ്ശേരിയിലെ പെരുന്നയിൽ താമരശേരി ഇല്ലത്താണ് ജനിച്ചത്. പിതാവ് സുബ്രഹ്മണ്യ അയ്യർ അദ്ധ്യാപകനായിരുന്നു. അദ്ദേഹം ചങ്ങനാശ്ശേരിയിലെ സ്കൂൾ അദ്ധ്യാപകനായിരുന്നു. അമ്മ ഭഗവതിയമ്മ. അദ്ദേഹം പെരുന്നയിൽ തന്നെയാണ് ബാല്യകാലം ചെലവഴിച്ചത്. അച്ഛന്റെ അകാലമരണത്തെത്തുടർന്ന് അമ്മയോടൊപ്പം തിരുവനന്തപുരത്തിനടുത്ത് ഉള്ളൂർ ഗ്രാമത്തിലേക്കു പിന്നീട് താമസം മാറുകയായിരുന്നു. ഉള്ളൂർ, കുമാരനാശാൻ, വള്ളത്തോൾ എന്നീ കവികൾ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാളസാഹിത്യത്തിലെകാല്പനിക പ്രസ്ഥാനത്തിനു നാന്ദികുറിച്ച് ശ്രദ്ധേയരായി. സാഹിത്യ ചരിത്രത്തിൽ ഇവർ കവിത്രയം എന്നറിയപ്പെടുന്നു. കവി എന്നതിനു പുറമേ ചരിത്രകാരനായും, സർക്കാർ ഉദ്യോഗസ്ഥനായും ഉള്ളൂർ പേരെടുത്തിരുന്നു. തിരുവിതാംകൂർ സർക്കാരിന്റെ ചീഫ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
റാവു സാഹിബ് മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ
ജനനം1877 6 ജൂൺ
ചങ്ങനാശ്ശേരി, കേരളം
മരണം1949 ജൂൺ 15(പ്രായം 72)
തൊഴിൽമഹാകവി,ഭാഷാ പണ്ഡിതൻ
ദേശീയത ഇന്ത്യ
പ്രധാനപ്പെട്ട കൃതികൾ
ജീവിതരേഖ

ചങ്ങനാശ്ശേരിയിൽ പെരുന്നയിൽ പാലൂർ നമ്പൂതിരിമാരുടെ പരമ്പരയിൽപ്പെട്ട താമരശേരി ഇല്ലത്താണ് പരമേശ്വരയ്യർ ജനിച്ചത്. പിതാവ് സുബ്രഹ്മണ്യ അയ്യർ അദ്ധ്യാപകനായിരുന്നു. അമ്മ ഭഗവതിയമ്മ. പെരുന്നയിൽ തന്നെയാണ് ബാല്യകാലം ചെലവഴിച്ചത്.

അച്ഛന്റെ അകാലമരണത്തെത്തുടർന്ന് അമ്മയോടൊപ്പം തിരുവനന്തപുരത്തിനടുത്ത് ഉള്ളൂർ ഗ്രാമത്തിലേക്കു താമസം മാറി. പിതാവിന്റെ മരണം പരമേശ്വരന്റെ വിദ്യാഭ്യാസ മോഹങ്ങളിൽ കരിനിഴൽ വീഴ്ത്തി. എങ്കിലും അമ്മയുടെ പ്രോത്സാഹനവും സമർപ്പണവും അദ്ദേഹത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ പാതയിലെത്തിച്ചു. തിരുവനന്തപുരത്തെ മഹാരാജാസ് കോളജിൽ ചേർന്ന അദ്ദേഹം 1897ൽ തത്വശാസ്ത്രത്തിൽ ഓണേഴ്സ് ബിരുദം നേടി.

ബിരുദം നേടിയ ശേഷം തിരുവിതാംകൂർ സർക്കാർ ഉദ്യോഗസ്ഥനായി. ജോലിയിലിരിക്കെ നിയമത്തിൽ ബിരുദവും മലയാളത്തിലും, തമിഴിലുംബിരുദാനന്തര ബിരുദവും നേടി.

തിരുവനന്തപുരം ഠൗൺ സ്കൂൾ അദ്ധ്യാപകൻ, ജനസംഖ്യാ വകുപ്പിൽ ഗുമസ്തൻ, തഹസീൽദാർ, മുൻസിഫ്, അസിസ്റ്റന്റ് സെക്രട്ടറി എന്നീ ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം തിരുവതാംകൂറിലെ ഇൻ‌കം ടാക്സ് കമ്മീഷണറാ‍യി ഉയർന്നു. ചീഫ് സെക്രട്ടറി പദവിയുടെ താൽക്കാലിക ചുമതലയും വഹിച്ചിട്ടുണ്ട്.

സാഹിത്യ ജീവിതം

കുട്ടിക്കാലം മുതൽക്കേ പരമേശ്വരൻ സാഹിത്യ വാസന പ്രകടിപ്പിച്ചിരുന്നു. 
മലയാള ഭാഷാധ്യാപകനായിരുന്ന അച്ഛൻ അതിനുവേണ്ട പ്രോത്സാഹനങ്ങളും നൽകി.

ബഹുമതികൾ
  • 1937 ൽ തിരുവിതാം കൂർ രാജഭരണകൂടം ഉള്ളൂരിന്‌ മഹാകവി ബിരുദം സമ്മാനിച്ചു.
  • കൊച്ചി മഹാരാജാവ് കവിതിലകൻ പട്ടം സമ്മാനിച്ചു
  • കാശി വിദ്യാപീഠം സാഹിത്യ ഭൂഷൺ ബഹുമതിയും നൽകി ആദരിച്ചു
പ്രധാന കൃതികൾ
  • ഉമാകേരളം(മഹാകാവ്യം)
  • മണിമഞ്ജുഷ
  • കേരള സാഹിത്യ ചരിത്രം
  • കർണ്ണഭൂഷണം
  • പിംഗള
  • ഭക്തിദീപിക
==========================================
ശ്രീ.ഉള്ളൂരിന്റെ ഏതെങ്കിലും ഒരു കൃതിയുടെ MP3 കൈവശമുണ്ടോ ?
ഉണ്ടെങ്കില്‍ ദയവായി അയച്ചു തരുമോ..?
===============================================
അടുത്ത കവിയെപ്പറ്റി വായിക്കാന്‍ , മറ്റു കവികള്‍ എന്ന list ലേക്ക് തിരിച്ചു പോകൂ.... 

കുമാരനാശാന്‍

ഇത് വായിക്കേണ്ടേ ..? എന്നാല്‍ , മറ്റു കവികള്‍ എന്ന list ലേക്ക് തിരിച്ചു പോകൂ.... 

========================================================================
ആധുനിക കവിത്രയത്തില്‍ ഒരാളായ ശ്രീ കുമാരനാശാനെ കുറിച്ചാണ് ഇനി പറയുന്നത്..
(ബാക്കി രണ്ടു പേര്‍ ആരെല്ലാം ആണെന്ന് പറയാമോ ..?)

ഒരു നല്ല കവിത കേട്ട് കൊണ്ട് വായിക്കൂ..
(വീണപൂവ്)





മലയാളകവിതയുടെ കാല്പ‍നിക വസന്തത്തിനു തുടക്കം കുറിച്ച ഒരു കവിയാണ്‌ എൻ. കുമാരനാശാൻ (ഏപ്രിൽ 12, 1873 - ജനുവരി 16,1924). ആശാന്റെ കൃതികൾ കേരളീയ സാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായി. ആധുനിക കവിത്രയങ്ങളിലൊരാളുമാണ് കുമാരനാശാൻ.                   

ജനനം1873 12 ഏപ്രിൽ
കായിക്കരതിരുവനന്തപുരം
മരണം1924 ജനുവരി 16 (പ്രായം 50)
പല്ലന
തൊഴിൽകവി, തത്ത്വജ്ഞാനി
ജനനം, ബാല്യം

1873 ഏപ്രിൽ 12-ന്‌ ചിറയിൻകീഴ്‌ താലൂക്കിൽപെട്ട കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ്‌ ആശാൻ ജനിച്ചത്‌. അച്ഛൻ നാരായണൻ പെരുങ്ങാടി മലയാളത്തിലും തമിഴിലും നിപുണനായിരുന്നു. കുമാരുവിന്റെ അച്ഛൻ ഈഴവസമുദായത്തിലെ ഒരു മാന്യവ്യക്തിയായിരുന്നു. പ്രധാന തൊഴിൽ കച്ചവടമായിരുന്നെങ്കിലും അദ്ദേഹം നാട്ടുകാര്യങ്ങളിലും ശ്രദ്ധ പതിപ്പിക്കുകയും മലയാളത്തിൽ കീർത്തനങ്ങൾ രചിക്കുകയും അവ മനോഹരമായി ചൊല്ലുകയും ചെയ്യുമായിരുന്നു. അമ്മ കാളിയമ്മ തികഞ്ഞൊരു ഈശ്വരഭക്തയായ കുടുംബിനിയായിരുന്നു. പുരാണേതിഹാസങ്ങളിലൊക്കെ അവർക്ക് തികഞ്ഞ അവഗാഹമുണ്ടായിരുന്നു. വല്ലാത്ത കുസൃതിയായിരുന്നു കുമാരു. കുമാരുവിനെ അടക്കി നിർത്താൻ അമ്മയുടെ പൊടിക്കൈയായിരുന്നു പുരാണകഥ പറയൽ. അച്ഛൻ പാടുന്ന കീർത്തനങ്ങൾ കേട്ട് കുമാരു ലയിച്ചിരിക്കുമായിരുന്നു. അച്ഛനെഴുതുന്ന കവിതകൾ പോലെ താനും വലുതാകുമ്പോൾ എഴുതുമെന്ന് കൊച്ചു കുമാരു പറയുമായിരുന്നു. ഒമ്പതു മക്കളുള്ള കുടുംബത്തിലെ രണ്ടാമത്തെ മകനായിരുന്നു കുമാരൻ ആശാൻ. ആശാന് കഥകളിയിലും ശാസ്ത്രീയ സംഗീതത്തിലും ഉള്ള താല്പര്യം അച്ഛനിൽ നിന്നു ലഭിച്ചു.

കൗമാരം

അന്നത്തെ പതിവനുസരിച്ച് 7 വയസ്സായപ്പോൾ കുമാരുവിനെ കുടിപ്പള്ളിക്കൂടത്തിൽ ചേർത്തു. പ്രഥമ ഗുരു തുണ്ടത്തിൽ പെരുമാളാശാനായിരുന്നു. സമർത്ഥനായ കുമാരു വേഗം തന്നെ എഴുത്തും കണക്കും പഠിച്ചു. എട്ടു വയസ്സായപ്പോൾ സംസ്കൃത പഠനം ആരംഭിച്ചു. ഇതിനിടയിൽ കുമാരുവിന്റെ അച്ഛന്റെയും മറ്റും പ്രയത്നത്താൽ അവിടെയൊരു പ്രൈമറി സ്കൂൾ സ്ഥാപിതമായി. പതിനൊന്നാമത്തെ വയസ്സിൽ ആ സ്കൂളിൽ രണ്ടാം ക്ലാസ്സിൽ ചേർന്നു. പതിനാലാമത്തെ വയസ്സിൽ പ്രശസ്തമായ രീതിയിൽ സ്കൂൾ പരീക്ഷ പാസ്സായി.
കുറച്ചു കാലം പഠിച്ച സ്കൂളിൽ തന്നെ അദ്ധ്യാപകനായി ജോലി നോക്കി. സർക്കാർ നിയമപ്രകാരം അത്ര ചെറു പ്രായത്തിലുള്ളവരെ അദ്ധ്യാപകരായി നിയമിക്കാൻ വകുപ്പില്ലായിരുന്നതിനാൽ ആ ജോലി സ്ഥിരപ്പെട്ടു കിട്ടിയില്ല. അദ്ധ്യാപക ജോലി അവസാ‍നിപ്പിച്ച് ചില സ്നേഹിതന്മാരോടൊപ്പം കൂടി സ്വയം ഇംഗ്ലീഷ് പഠിക്കാൻ ആരംഭിച്ചു. കുമാരു കിട്ടുന്ന പുസ്തകങ്ങളെല്ലാം ആർത്തിയോടെ വായിച്ചു തീർക്കുമായിരുന്നു.


യൗവ്വനം

കുമാരുവിനെ കൂടുതൽ പഠിപ്പിക്കണമെന്ന് അച്ഛന് ആഗ്രഹമുണ്ടായിരുന്നെങ്കിലും വലിയ തുക കൊടുത്ത് പഠിപ്പിക്കാൻ അന്നത്തെ സാമ്പത്തിക ചുറ്റുപാട് അനുവദിച്ചിരുന്നില്ല. വെറുതേയിരുത്തേണ്ടെന്ന് കരുതി അച്ഛൻ മകന് കൊച്ചാര്യൻ വൈദ്യൻ എന്നൊരാളിന്റെ കടയിൽ കണക്കെഴുത്ത് ജോലി സംഘടിപ്പിച്ചു കൊടുത്തു. മുഷിഞ്ഞ ആ ജോലി ഉപേക്ഷിച്ച് കുമാരു വീട്ടിൽ നിന്നിറങ്ങി പോയി വല്യച്ഛന്റെ വിട്ടിൽ താമസിച്ചു. കണക്കെഴുത്തു ജോലിയിൽ ഏർപ്പെട്ടിരുന്ന നേരത്തു തന്നെ കുമാരു കവിതയെഴുതാൻ തുടങ്ങിയിരുന്നു. പരവൂരിലെ കേശവനാശാൻ പ്രസിദ്ധീകരിച്ചിരുന്ന “സുജനാനന്ദിനി” എന്ന മാസികയിൽ കുമാരന്റെ രചനകൾ കുമാരു, എൻ. കുമാരൻ, കായിക്കര എൻ. കുമാരൻ എന്നീ പേരുകളിലൊക്കെ പ്രസിദ്ധീകരിക്കപ്പെട്ടു തുടങ്ങി.

തന്റെ കണക്കെഴുത്തുകാരന്റെ ജ്ഞാനതൃഷ്ണ മനസ്സിലാക്കിയിരുന്ന കൊച്ചാര്യൻ വൈദ്യൻ അവനെ തുടർന്ന് പഠിപ്പിക്കണമെന്ന് കുമാരുവിന്റെ അച്ഛനോട് നിർബന്ധമായി പറഞ്ഞു. മണമ്പൂർ ഗോവിന്ദനാശാൻ എന്ന പ്രമുഖ പണ്ഡിതന്റെ “വിജ്ഞാനസന്ദായിനി” എന്ന പാഠശാലയിൽ കുമാരുവിനെ കൊണ്ട് ചേർത്തു. പാട്ടുകളും ശ്ലോകങ്ങളും എഴുതുന്ന കാര്യത്തിൽ അന്ന് കുമാരുവിനെ വെല്ലാൻ അവിടെയാരുമില്ലായിരുന്നു. അവിടെ പഠിച്ചിരുന്ന കാലത്ത് രചിച്ച കൃതികളാണ്‌ “വള്ളീ വിവാഹം”, “അമ്മാനപ്പാട്ട്“, “ഉഷാകല്യാണം“ എന്നിവ. “സുബ്രഹ്മണ്യ ശതകം സ്തോത്രം” എന്നൊരു കൃതിയും ഇക്കാലത്ത് കുമാരു രചിച്ചു. കുമാരുവിന്റെ അച്ചടിച്ച ആദ്യത്തെ കൃതി അതാണെന്ന് പറയപ്പെടുന്നു. അതിൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ഒരു പ്രശംസാപത്രവും ചേർത്തിരുന്നു.


ശ്രീനാരായണഗുരുവുമായുള്ള കണ്ടുമുട്ടൽ



കുമാരനാശാൻ(ഇടതു വശത്ത് നിൽക്കുന്നത്) ശ്രീനാരായണഗുരുവുമൊത്ത് (നടുവിൽ ഇരിക്കുന്നു).
ശ്രീനാരായണഗുരുവുമായി പരിചയപ്പെട്ടത്‌ ആശാന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ഒരിക്കൽ കുമാരൻ സുഖമില്ലാതെ കിടന്ന അവസരത്തിൽ അച്ഛൻ ശ്രീനാരായണഗുരുവിനെ അവരുടെ വീട്ടിൽ വിളിച്ചു കൊണ്ടുവന്നു. ആദ്യ കാഴ്ചയിൽ‍ തന്നെ ആ മഹായോഗിയും കുമാ‍രുവും വ്യാഖ്യാനിക്കാൻ കഴിയാത്തൊരു ആത്മീയബന്ധത്താൽ ആകൃഷ്ടരായി. കുമാരുവിന്റെ സ്തോത്രകവിതകൾ ഗുരുവിനെ അത്യധികം ആകർഷിച്ചു. ശൃംഗാരകവിതകളുടെ രചനകളിൽ ഇനി മുഴുകരുതെന്ന് ഗുരു കുമാരുവിനെ ഉപദേശിച്ചു. ജീവിതകാലം മുഴുവൻ നീണ്ടുനിന്നൊരു സുദൃഢമായ ബന്ധത്തിന്റെ തുടക്കമായിരുന്നു അത്.

ശ്രീനാരായണ ഗുരുവിന്റെ ആത്മീയ ചൈതന്യം കുമാരുവിനെ ക്രമേണ യോഗിയും വേദാന്തിയുമാക്കി. ഉദ്ദേശം ഇരുപത് വയസ്സ് പ്രായമായപ്പോൾ കുമാരു വക്കം സുബ്രഹ്മണ്യക്ഷേത്രത്തിൽ ചെന്ന് കൂടി അന്തേവാസിയായി മതഗ്രന്ഥ പാരാ‍യണത്തിലും, യോഗാസനത്തിലും ധ്യാനത്തിലും മുഴുകി. അക്കാലത്ത് അദ്ദേഹം ക്ഷേത്രപരിസരത്ത് ഒരു സംസ്കൃതപാഠശാല ആരംഭിച്ചു. സംസ്കൃതം പഠിപ്പിച്ചു തുടങ്ങിയതോടെ നാട്ടുകാർ അദ്ദേഹത്തെ “കുമാരനാശാൻ“ എന്ന് വിളിച്ചു തുടങ്ങി. അല്പകാലം അവിടെ കഴിഞ്ഞശേഷം കുമാരനാശാൻ നാടുവിട്ടു ഏകനായി കുറ്റാലത്തെത്തി. അവിടെ വച്ച്മലമ്പനി ബാധിച്ചു. ഈ യാത്രയുടെ അവസാനം അരുവിപ്പുറത്തായിരുന്നു. ഇക്കാലത്ത് ആശാൻ ആശ്രമവാസികൾക്ക് വേണ്ടി രചിച്ച കീർത്തനമാണ് “ശാങ്കരശതകം”.

ഉപരിപഠനം

ശ്രീനാരായണഗുരുദേവൻ തന്നെ ശിഷ്യനെ ഉപരിപഠനത്തിനയക്കാൻ തീരുമാനിച്ചു. അതിനായി ബാംഗളൂരിൽ ജോലി നോക്കിയിരുന്ന ഡോ. പല്പുവിനെ ചുമതലപ്പെടുത്തി. ഇരുപത്തിനാലാമത്തെ വയസ്സിൽ ഉന്നത വിദ്യാഭ്യാസത്തിനായി ബാംഗ്ലൂർക്ക്‌ പോയി (ശ്രീ ചാമരാജേന്ദ്ര സംസ്കൃത കോളെജ് - ഈ വിദ്യാലയം ഇപ്പോഴും ബാംഗ്‌ളൂരിൽ ഉണ്ട്.) ന്യായശാസ്ത്രമായിരുന്നു ഐച്ഛിക വിഷയം. ശ്രീനാരാ‍യണഗുരുവുമൊന്നിച്ചാണ് ആശാൻ ബാംഗളുർ എത്തിയത്.

ഡോ. പല്പുവിന്റെ കുടുംബാന്തരീക്ഷവും ബാംഗ്ലൂരിലെ ജീവിതവും ആശാന്റെ പ്രതിഭയെ കൂടുതൽ പ്രോജ്ജ്വലമാക്കിത്തിർക്കുന്നതിൽ വലിയൊരു പങ്കുവഹിച്ചു. അക്കാലത്ത് ഡോ. പല്പു കുമാരനാശാനൊരു പേരു നല്കി - “ചിന്നസ്വാമി“. ന്യായവിദ്വാൻ എന്ന തർക്കശാസ്ത്രപരീക്ഷയിൽ ഉന്നതവിജയം കൈവരിച്ചു സ്കോളർഷിപ്പിനർഹനായി മൂന്നുവർഷത്തോളം അദ്ദേഹം ബാംഗളൂരിൽ പഠിച്ചു.

കൽക്കത്തയിൽ

തുടർന്ന് ഡോ.പല്പുവിന്റെ പരിശ്രമഫലമായി ആശാന് 1898ൽ കൽക്കത്തയിലെ സംസ്കൃത കോളേജിൽ പ്രവേശനം ലഭിച്ചു. 25 മുതൽ 27 വയസ്സുവരെ കൽക്കത്തയിൽ അദ്ദേഹം പഠിച്ചു. ന്യായശാസ്ത്രം, ദർശനം, വ്യാകരണം, കാവ്യം എന്നിവയും അതിനു പുറമേ ഇംഗ്ലീഷും അദ്ദേഹം ഇക്കാലത്ത് അഭ്യസിച്ചു. ഡോ. പല്പുവാണ്‌ ആശാന്റെ വിദ്യാഭ്യാസത്തിനു വേണ്ട സഹായങ്ങളെല്ലാം ചെയ്തത്‌.

കൽക്കത്തയിലെ ജീ‍വിതകാലം ഭൂരിഭാ‍ഗം പഠനത്തിനും ഗ്രന്ഥപാരായണത്തിനുമായി ആശാൻ ചെലവഴിച്ചു. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെയും മറ്റും കൃതികൾ പുതിയൊരു ഓജസ്സുപരത്തുന്ന ബംഗാളിസാഹിത്യത്തിന്റെ നവോത്ഥാനകാലഘട്ടത്തിലായിരുന്നു ആശാൻ കൽക്കത്തയിലെത്തിയത്. ഈ കാവ്യാന്തരീക്ഷവും പുതിയ ചിന്താഗതിയും ആശാനിലെ കവിയെ സ്വാധീനിച്ചിട്ടുണ്ടാകും.

തിരികെ അരുവിപ്പുറത്തേക്ക്

ശ്രീനാരായണഗുരുദേവന്റെ ആജ്ഞാനുസാരം കൽക്കത്തയിലെ വിദ്യാഭ്യാസം അവസാനിപ്പിച്ച് കുമാരനാശാൻ അരുവിപ്പുറത്ത് മടങ്ങിയെത്തി. അരുവിപ്പുറത്തെ താമസത്തിനിടയ്ക്ക് അദ്ദേഹം “മൃത്യുഞ്ജയം”, “വിചിത്രവിജയം” തുടങ്ങിയ നാടകങ്ങളും, “ശിവസ്തോത്രമാല” തുടങ്ങിയ കവിതകളും രചിച്ചു. നന്നായില്ലെന്ന കാരണത്താൽ “വിചിത്രവിജയം” പ്രസിദ്ധികരിച്ചില്ല. മുന്നുവർഷത്തോളം ആശാൻ അരുവിപ്പുറത്തെ ആശ്രമത്തിൽ കഴിഞ്ഞു. അപ്പോഴേക്കും അദ്ദേഹത്തിന് 30 വയസ്സായിരുന്നു.

എസ്.എൻ.ഡി.പി യോഗം സെക്രട്ടറി പദം


ഈ കാലഘട്ടത്തിലാണ് മറ്റൊരു സംഭവം നടന്നത്. ശ്രീനാരായണഗുരുവും ഡോ. പല്പുവും മുൻ‌കൈയെടുത്ത് 1903 ജൂൺ 4-ന് എസ്.എൻ.ഡി.പി. യോഗം സ്ഥാപിതമായി. യോഗത്തിന്റെ സംഘടനാപരമായ ചുമതലകൾ അർപ്പിക്കാൻ ശ്രീനാരായണഗുരു തിരഞ്ഞെടുത്തത് പ്രിയ ശിഷ്യനായ കുമാരനാശാനെ ആയിരുന്നു. അങ്ങനെ 1903ൽ കുമാരനാശാൻ ആദ്യ യോഗം സെക്രട്ടറിയായി. ഏതാണ്ട് 16 വർഷക്കാലം അദ്ദേഹം ആ ചുമതല വഹിച്ചു. 1904ൽ അദ്ദേഹം എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായി “വിവേകോദയം” മാസിക ആരംഭിച്ചു.

എസ്.എൻ.ഡി.പി യോഗം സെക്രട്ടറി എന്ന നിലയ്ക്ക് കേരളത്തിലെ പിന്നോക്കസമുദായങ്ങളുടെ പുരോഗതിക്കുവേണ്ടി കുമാരനാശാൻ വഹിച്ച പങ്ക് നിസ്തുലമാണ്. സ്വപ്നജീവിയായ കവി അല്ലായിരുന്നു അദ്ദേഹം. സാമൂഹികയാഥാർത്ഥ്യങ്ങളുമായി നിരന്തരം ഇടപഴകിക്കൊണ്ടും അവയെ മാറ്റിത്തീ‍ർക്കാനുള്ള പരിശ്രമങ്ങളിൽ ഏർപ്പെട്ടുകൊണ്ടുമാണ് അദ്ദേഹം ജീവിച്ചത്. ആശാന്റെ കവിതകൾക്ക് അസാധാരണമായ ശക്തിവിശേഷം പ്രദാനം ചെയ്തത് ഈ സാമൂഹികബോധമാണ്.

നിയമസഭാംഗം

1909-ൽ അദ്ദേഹത്തിന്റെ ശ്രമഫലമായി ഈഴവർക്കു തിരുവിതാംകൂർ നിയമ നിർമ്മാണ സഭയിൽ പ്രാതിനിധ്യം ലഭിച്ചു. അദ്ദേഹം നിയമസഭാംഗമായി പ്രവർത്തിച്ചു. നിയമ സഭയിലെ പ്രസംഗങ്ങൾ പുസ്തകരൂപത്തിൽ പ്രസിധീകരിക്കപ്പെട്ടിട്ടുണ്ട്.

ആ‍ശാന്റെ രചനകൾ


വീണപൂവ്
1907 ഡിസംബറിൽ ആണ് ആശാൻ വീണപൂവ്, മിതവാദി പത്രത്തിൽ പ്രസിദ്ധീകരിച്ചത്. മലയാള കാവ്യാന്തരീക്ഷത്തിൽ തികച്ചും നൂതനമായൊരു അനുഭവമായിരുന്നു വീണപൂവ് എന്ന ഖണ്ഡകാവ്യം. വിഷൂചിക പിടിപെട്ട് ആലുവയിലെ വീട്ടിൽ കിടപ്പിലായിരുന്ന ശ്രീനാരായണഗുരുവിന്റെഅവസ്ഥയിൽ നിന്നാണ് വീണപൂവിന്റെ ആദ്യവരികൾ രൂപം കൊണ്ടത്

“ ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ! നീ
ശ്രീഭൂവിലസ്ഥിര-അസംശയം-ഇന്നു നിന്റെ-
യാഭൂതിയെങ്ങു പുനരിങ്ങു കിടപ്പിതോർത്താൽ ”

എന്നാരംഭിക്കുന്ന വീണപൂവിൽ, പൂവിന്റെ ജനനം മുതൽ മരണം വരെയുള്ള അതീവസൂക്ഷ്മമായ ഘട്ടങ്ങൾ മനുഷ്യജീവിതത്തിന്റെ നൈമിഷികതയെ ഓർമ്മിപ്പിച്ചുകൊണ്ട് കേവലം നാല്പത്തിയൊന്ന് ശ്ലോകങ്ങളിലൂടെ ഹൃദയസ്പർശിയാംവിധം ചിത്രീകരിച്ചിരിക്കുന്നു. തുടർന്ന് അക്കാലത്തെ പ്രധാനപ്പെട്ട സാഹിത്യമാസികയായ ഭാഷാപോഷിണിയിലും അത് പ്രസിദ്ധീകരിച്ചു. അതോടെ ശ്രദ്ധേയനായ കവി എന്ന നിലയ്ക്ക് ആശാന്റെ സ്ഥാനം ഉറച്ചു. വീണപൂവിന്റെ പ്രസിദ്ധീകരണത്തോടുകൂടി ലഭിച്ച അംഗീകാരം ആശാനിലെ കവിക്ക് കൂടുതൽ പ്രചോദനമരുളി. വീണപൂവിനെതുടർന്ന് രചിച്ച തീയക്കുട്ടിയുടെ വിചാരം അദ്ദേഹത്തിന്റെ സാമൂഹികബോധത്തിന്റെ പ്രതിഫലനമായിരുന്നു.

നളിനി
അതിനുശേഷം ആശാൻ രചിച്ച സുപ്രധാന ഖണ്ഡകാവ്യങ്ങളിൽ ആദ്യത്തേത് "നളിനി അഥവാ ഒരു സ്നേഹം ആയിരുന്നു. നളിനിയുടെയും ദിവാകരന്റെയും അസാധാരണമായ സ്നേഹബന്ധത്തിന്റെ കഥയായിരുന്നു നളിനി.

ലീല

“നളിനി”യിലെ നായികാകഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തരായ രണ്ട് കഥാപാത്രങ്ങളെയാണ് അദ്ദേഹം “ലീല“ എന്ന ഖണ്ഡകാവ്യത്തിൽ അവതരിപ്പിക്കുന്നത്. മരണത്തിനുപോലും വേർപെടുത്താനാകാത്ത ദിവ്യപ്രണയമാണ് കവി ലീലയുടെയും മദനന്റെയും പ്രണയകഥയിലൂടെ വരച്ചുകാട്ടുന്നത്.



ചണ്ഡാലഭിക്ഷുകിയും കരുണയും

ബുദ്ധമതസന്ദേശങ്ങൾ ആശാനെ വളരെയേറെ സ്വാധീനിച്ചു. അതിലെ പല ഉജ്ജ്വലാശയങ്ങളും ഹിന്ദുമതത്തിലെ അനാചാരങ്ങൾ തുടച്ചുനീക്കാൻ പ്രയോജനപ്പെട്ടേക്കുമെന്ന വിശ്വാസം കൊണ്ടാകണം “ചണ്ഡാലഭിക്ഷുകി“, “കരുണ“, എന്നീ കാവ്യങ്ങൾക്ക് ബുദ്ധമതവുമായി ബന്ധപ്പെട്ട ഇതിവൃത്തങ്ങൾ സ്വീകരിക്കാൻ ആശാനെ പ്രേരിപ്പിച്ചത്. ജാത്യാചാരങ്ങളുടെ അർത്ഥശൂന്യത വെളിവാക്കാനാണ് ചണ്ഡാലഭിക്ഷുകിയിലൂടെ അദ്ദേഹം ശ്രമിക്കുന്നത്.

വാസവദത്ത എന്ന വേശ്യാസ്ത്രീയ്ക്ക് ഉപഗുപ്തൻ എന്ന ബുദ്ധശിഷ്യനിൽ ജനിക്കുന്ന അനുരാഗത്തിന്റെ കഥ പറയുന്ന കരുണ വഞ്ചിപ്പാട്ട് വൃത്തത്തിലെഴുതപ്പെട്ടിട്ടുള്ള ഒരു ഖണ്ഡകാവ്യമാണ്. ഉപഗുപ്തനെ പലവട്ടം ആളയച്ചു ക്ഷണിക്കുമ്പോഴൊക്കെ “സമയമായില്ല” എന്ന മറുപടിയാണ് വാസവദത്തയ്ക്ക് ലഭിച്ചിരുന്നത്. ഒടുവിൽ ഒരു ക്രൂരകൃത്യത്തിന് ശിക്ഷിക്കപ്പെട്ട് കൈയ്യും കാലും ഛേദിച്ചനിലയിൽ ശ്മശാനത്തിൽ തള്ളപ്പെടുന്ന വാസവദത്തയെ ഉപഗുപ്തൻ സന്ദർശിച്ച് അവൾക്ക് ബുദ്ധമത തത്ത്വങ്ങൾ ഉപദേശിച്ചുകൊടുക്കുന്നു. അത് കേട്ട് മനം മാറി ആത്മശാന്തിയോടെ വാസവദത്ത മരിക്കുന്ന കഥ ആരുടെ ഹൃദയത്തിലും തങ്ങി നിൽക്കും.

കവിതയിലെ ഒരു ശകലം:

“ അന്തമില്ലാത്തൊരാഴത്തിലേക്കിതാ,
ഹന്ത താഴുന്നു, താഴുന്നു ഞാനഹോ. ”

ദുരവസ്ഥ


വർഷങ്ങളായി സമൂഹത്തിൽ നിലനിന്നുപോന്ന അനാചാരങ്ങൾ സൃഷ്ടിച്ച ദുരവസ്ഥയാണ് “ദുരവസ്ഥ“ എന്ന കൃതിയിലെ സാവിത്രി എന്ന അന്തർജ്ജനത്തിന്റെ കഥയിലൂടെ അദ്ദേഹം വരച്ചുകാട്ടുന്നത്. അതിശക്തമായ സാമൂഹികവിമർശനം ആ കൃതിയിലുടനീളം കാണാം. ആശാനെഴുതിയ കാവ്യങ്ങളിൽ ഏറ്റവും ദീർഘ‍മായത് ദുരവസ്ഥയാണ്.
മാപ്പിളലഹളയുടെ പശ്ചാത്തലത്തിൽ രചിച്ച കാവ്യമാണ് ദുരവസ്ഥ. ജാതിശ്രേണിയുടെ രണ്ടറ്റങ്ങളിലുള്ള സാവിത്രി അന്തർജ്ജനവും അധഃസ്ഥിതനായ ചാത്തനുമാണ് നായികാനായകന്മാർ. സമൂഹത്തിൽനിന്ന് ജാതിചിന്ത തുടച്ചുമാറ്റേണ്ടതിന്റെ അനിവാര്യതയോ അതിനുള്ള ഉദ്ബോധനവുമാണ് ഈ കാവ്യത്തിന്റെ ഇതിവൃത്തം.


പ്രരോദനം


ആശാന്റെ ഖണ്ഡകാവ്യങ്ങളിൽ പ്രൗഢഗംഭീരം “പ്രരോദനം“ ആണ്. ആത്മമിത്രവും ഗുരുതുല്യനുമാ‍യിരുന്ന എ.ആർ. രാജരാജവർമ്മയുടെനിര്യാണത്തെത്തുടർന്ന് ആശാൻ രചിച്ച വിലാപകാവ്യമാണത്. ആശാന്റെ തത്ത്വചിന്താപരമായ വീക്ഷണങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഈ കൃതിയിലാണ്.

മറ്റു കൃതികൾ

കവിതാരചനയെക്കുറിച്ചുള്ള തന്റെ ഉൾക്കാഴ്ച്ചകൾ “കാവ്യകല” അഥവാ “ഏഴാം ഇന്ദ്രിയം” എന്ന പേരുള്ള കവിതയിൽ ആശാൻ വ്യക്തമാക്കി.ഒട്ടനവധി സ്തോത്രകൃതികളും ഭാവഗീതങ്ങളും ലഘുകവിതകളും അദ്ദേഹം രചിച്ചിട്ടുണ്ട്. ആശാന്റെ ഭാവഗീതങ്ങളും ലഘുകവിതകളും മണിമാല, വനമാല, പുഷ്പവാടി തുടങ്ങിയ സമാ‍ഹാരങ്ങളിൽ അദ്ദേഹം ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇവയ്ക്കു പുറമേബുദ്ധചരിതം, സൗന്ദര്യലഹരി, ബാലരാമായണം തുടങ്ങി പ്രമുഖമായ ചില വിവർത്തനങ്ങളും അദ്ദേഹത്തിന്റേതായി ഉണ്ട്. കുമാരനാശാന്റെ ഗദ്യലേഖനങ്ങൾ മൂന്നു വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സമുദായോന്നമനം

1923ൽ കുമാരനാശാൻ മിതവാദി പത്രാധിപർ സി. കൃഷ്ണന്റെ പേർക്കയച്ച ദീർഘമായ ഒരു കത്ത്‌ പത്തുകൊല്ലത്തിനുശേഷം മതപരിവർത്തനരസവാദം എന്ന പേരിൽ മൂർക്കോത്തു കുമാരൻപ്രസിദ്ധപ്പെടുത്തി. തിയ്യസമുദായത്തിന്റെ ഉന്നമനത്തിനായുള്ള ശരിയായ മാർഗ്ഗം മതപരിവർത്തനമാണ്‌ എന്നു വാദിച്ചുകൊണ്ട്‌ സി. കൃഷ്ണൻ തന്നെയെഴുതിയ ലേഖനത്തിനുള്ള മറുപടിയാണ്‌ ആ കത്ത്‌.

അനാചാരങ്ങളെ പരാമർശിച്ചുകൊണ്ട്‌ ആശാൻ പറയുന്നു -

"ഞാനും നിങ്ങളും ശ്രീനാരായണ ഗുരുസ്വാമിയും തീയ്യ സമുദായത്തിലെ അംഗങ്ങളാണ്‌ , ഞങ്ങളാരും കുരുതി കഴിക്കാനും പൂരം തുളളാനും പോകാറില്ല. നമ്മളെപ്പോലെ അനേകായിരം ആളുകൾ വേറെയും ഉണ്ട്‌. അവരും അതിനു പോകാറില്ല..... ഒരേ മതം അനുഷ്ഠിക്കുന്ന ആളുകൾ അസംഖ്യങ്ങളായിരിക്കും., അവരുടെയെല്ലാം നടപടികൾ ഒന്നു പോലെ ഇരുന്നുവെന്ന്‌ ഒരിടത്തും വരുന്നതല്ല. അതിന്‌ സമുദായ സ്ഥിരതയെയല്ലാതെ മതത്തെ കുറ്റം പറയുന്നതു ശരിയുമല്ല. അങ്ങനെയുളള കുറ്റങ്ങളെ തിരുത്തേണ്ടതു സമുദായനേതാക്കളുടെ ജോലിയുമാകുന്നു."

1922-ൽ മദ്രാസ്‌ സർവകലാശാലയിൽ വച്ച്‌ അന്നത്തെ വെയിൽസ്‌ രാജകുമാരൻ ആശാന്‌ മഹാകവി സ്ഥാനവും പട്ടും വളയും സമ്മാനിച്ചു.

മരണം

1924 ജനുവരി 16-ന് പല്ലനയാറ്റിലുണ്ടായ ബോട്ടപകടത്തിൽ (റിഡീമർ ബോട്ട്) അമ്പത്തൊന്നാമത്തെ വയസ്സിൽ അന്തരിച്ചു.ഏറെ ദുരൂഹമായ ഈ അപകടം നടന്നത് ഒരു പരിപാടിയിൽ പങ്കെടുത്തശേഷം ആലപ്പുഴയിൽനിന്നും കൊല്ലത്തേയ്ക്കു് മടങ്ങിവരുമ്പോഴായിരുന്നു.പല്ലനയിൽ വച്ചുണ്ടായ ഈ അപകടത്തിൽ എല്ലാവരും മരിച്ചിരുന്നു.

അടുത്ത കവിയെപ്പറ്റി വായിക്കാന്‍ , മറ്റു കവികള്‍ എന്ന list ലേക്ക് തിരിച്ചു പോകൂ.... 

വയലാർ രാമവർമ്മ


ഇത് വായിക്കേണ്ടേ ..? എന്നാല്‍ , മറ്റു കവികള്‍ എന്ന list ലേക്ക് തിരിച്ചു പോകൂ.... 


========================================================================
വയലാറിന്റെ ഒരു പാട്ട് കേട്ട് കൊണ്ട് വായിച്ചേ.. 


വയലാറിന്റെ ഒരു കവിത..."രാജഹംസം"





പാട്ടുകള്‍ ഇനിയും കേള്‍ക്കണോ ? 
ഇതാ , ഇവിടെ ഒന്ന് ക്ലിക്കിയേ..

ഒരു മലയാള കവിയും ചലച്ചിത്ര ഗാനരചയിതാവുമാണ്‌ വയലാർ രാമവർമ്മ. വയലാർ എന്ന ചുരുക്കപ്പേരിലാണു കൂടുതലായും അറിയപ്പെടുന്നത്‌. ആലപ്പുഴ ജില്ലയിലെ വയലാർ ഗ്രാമത്തിൽ 1928 മാർച്ചു മാസം 25നു ജനിച്ചു. ചെറുപ്പകാലം മുതൽ കമ്മ്യൂണിസ്റ്റ്‌പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച്‌, പാവപ്പെട്ടവരുടെ പാട്ടുകാരൻ ആയി അറിയപ്പെട്ടു. സർഗസംഗീതം, മുളങ്കാട്‌, പാദമുദ്ര തുടങ്ങി ധാരാളം കൃതികൾ രചിച്ചു. കവി എന്നതിലുപരി, സിനിമാപിന്നണിഗാനരചയിതാവ്‌ എന്ന നിലയിലാണു‌ വയലാർ കൂടുതൽ പ്രസിദ്ധനായത്‌. പച്ച മനുഷ്യന്റെ സുഖവും ദുഃഖവും ഒപ്പിയെടുത്ത 2000-ൽ അധികം ഗാനങ്ങൾ അദ്ദേഹം രചിച്ചു. 1961-ൽ കേരള സാഹിത്യ അക്കാദമിഅവാർഡും 1974-ൽ രാഷ്ട്രപതിയുടെ സുവർണ്ണ‌പ്പതക്കവും നേടി. 1975 ഒക്ടോബർ 27-നു‍ വയലാർ അന്തരിച്ചു. പ്രശസ്തമായ വയലാർ അവാർഡ്ഇദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ളതാണു്.
വയലാർ രാമവർമ്മജനനംമാർച്ച് 15, 1928സ്വദേശംകേരളം, ഇന്ത്യമരണംഒക്ടോബർ 27, 1975തൊഴിലുകൾഗാനരചയിതാവ്കവിസജീവമായ കാലയളവ്1965 – 1975
രക്തഗ്രൂപ്പ് മാറി കുത്തിവെച്ചതാണ് വയലാറിന്റെ മരണത്തിനു കാരണമെന്നു കവി ഏഴാച്ചേരി രാമചന്ദ്രൻ 2011 സെപ്റ്റംബർ 14 ന് ഒരു പൊതുചടങ്ങിൽ വെളിപ്പെടുത്തിയിരുന്നു.


ചേർത്തലയിലുള്ള വയലാർ രാമവർമ്മ സ്മൃതി മണ്ഡപം

വയലാറിന്റെ സൃഷ്ടികൾ

കവിതകൾ:
പാദമുദ്രകൾ(1948)
കൊന്തയും പൂണൂലും
എനിക്കു മരണമില്ല(1955)
മുളങ്കാട്‌(1955)
ഒരു യൂദാസ്‌ ജനിക്കുന്നു(1955)
എന്റെ മാറ്റൊലിക്കവിതകൾ(1957)
സർഗസംഗീതം(1961)
"രാവണപുത്രി"
"അശ്വമേധം"
"സത്യത്തിനെത്ര വയ്യസ്സായി"
താടക

ഖണ്ഡ കാവ്യം:
ആയിഷ
തിരഞ്ഞെടുത്ത ഗാനങ്ങൾ:
ഏന്റെ ചലചിത്രഗാനങ്ങൾ ആറു ഭാഗങ്ങളിൽ

കഥകൾ:
രക്തം കലർന്ന മണ്ണ്
വെട്ടും തിരുത്തും

ഉപന്യാസങ്ങൾ
പുരുഷാന്തരങ്ങളിലൂടെ
"റോസാദലങ്ങളും കുപ്പിച്ചില്ലുകളും"

മറ്റ്‌ കൃതികൾ:
വയലാർ കൃതികൾ
വയലാർ കവിതകൾ

അവാര്‍ഡുകള്‍
കേരള സാഹിത്യ അകാദമി അവാര്‍ഡു :
1961 - സര്‍ഗസന്ഗീതം (കവിതകള്‍)

ദേശീയ പുരസ്കാരം :
1973 - രചന (പാട്ട് : "മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു "; Film: അച്ഛനും ബാപ്പയും )

കേരള സംസ്ഥാന അവാര്‍ഡു :
1969 - രചന
1972 - രചന
1974 - രചന
1975 - രചന
=========================================================================
വയലാറിന്റെ മരണകാരണം: ഏഴാച്ചേരിയുടെ വെളിപ്പെടുത്തല്‍ വിവാദം ആവുന്നു
Posted on: 15 Sep 2011
മാതൃഭൂമി



കൊല്ലം: രക്തഗ്രൂപ്പ് മാറി കുത്തിവെച്ചതാണ് വയലാര്‍ രാമവര്‍മ്മയുടെ മരണകാരണം എന്ന കവി ഏഴാച്ചേരി രാമചന്ദ്രന്റെ വെളിപ്പെടുത്തല്‍ വിവാദം ആവുന്നു. അച്ഛന്‍ മരിച്ച് വര്‍ഷങ്ങള്‍ക്കുശേഷം ഉത്തരവാദിത്വമുള്ള ഒരാള്‍ തന്റെ വീട്ടില്‍വന്ന് ഇതേകാര്യം പറഞ്ഞിട്ടുള്ളതായി വയലാറിന്റെ മകന്‍ പ്രശസ്ത ഗാനരചയിതാവ് വയലാര്‍ ശരശ്ചന്ദ്രവര്‍മ്മയും വെളിപ്പെടുത്തി. എന്നാല്‍ ഇത് ഒരു വിവാദം ആക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
പുനലൂരിലെ കുതിരച്ചിറ ആര്‍ട്‌സ് ലിറ്റററി അസോസിയേഷന്‍ (കലയുടെ ഓണാഘോഷത്തിന്റെ ഭാഗമായി ഹരിശ്രീ രാധാകൃഷ്ണന്റെ പേരില്‍ ഏര്‍പ്പെടുത്തിയ സാഹിത്യപുരസ്‌കാരം സന്തോഷ് ഏച്ചിക്കാനത്തിനു നല്‍കിയ ചടങ്ങിലാണ് രക്തഗ്രൂപ്പ് മാറി കുത്തിവെച്ചതായിരുന്നു വയലാറിന്റെ മരണകാരണം എന്ന് ഏഴാച്ചേരി രാമചന്ദ്രന്‍ വെളിപ്പെടുത്തിയത്.

ഡോ.ഷാഹിര്‍ഷാ, ഡോ.മുഹമ്മദ് ഷാഫി എന്നീ ഡോക്ടര്‍മാരും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. തന്റെ ഇടത്തും വലത്തും രണ്ടു ഡോക്ടര്‍മാര്‍ ഇരിക്കുമ്പോള്‍ വയലാറിന്റെ മരണകാരണം പറയണമെന്ന് തോന്നിയതായി സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിഡന്റ് കൂടിയായ ഏഴാച്ചേരി രാമചന്ദ്രന്‍ അറിയിച്ചു.

''വയലാറിന്റെ ശസ്ത്രക്രിയ വിജയമായിരുന്നു. അദ്ദേഹം പൂര്‍വ്വസ്ഥിതിയിലേക്ക് മാറുന്നതിനിടയിലാണ് വിറയല്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് അന്ത്യം സംഭവിച്ചു. ഗ്രൂപ്പ് മാറി രക്തം നല്‍കിയതായിരുന്നു കാരണം''.

ചങ്ങമ്പുഴയ്ക്കുശേഷം കേരളം കണ്ട ഏറ്റവും സര്‍ഗ്ഗധനനായ കവിയെന്ന് മഹാകവി ജി.ശങ്കരക്കുറുപ്പ് വിശേഷിപ്പിച്ച വയലാര്‍ രാമവര്‍മ്മ 1975 ഒക്ടോബര്‍ 27ന് 47-ാമത്തെ വയസ്സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലാണ് അന്തരിച്ചത്.
ഒരാഴ്ച മുമ്പ് വയലാറിലെ വീട്ടില്‍ രക്തം ഛര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് കവിയെ ആദ്യം ചേര്‍ത്തലയിലെ ഒരു സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് അവിടെനിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലേക്ക് മാറ്റുകയും ചെയ്തു. കരള്‍വീക്കം ആയിരുന്നു രോഗം.

ഒക്ടോബര്‍ 26ന് വയലാറിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പ്രമുഖ സര്‍ജനും ജനകീയ ഡോക്ടറുമായ പി.കെ.ആര്‍.വാര്യര്‍ ആണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. കവിയോടുള്ള ആരാധനമൂലം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍പോലും രക്തം നല്‍കാന്‍ എത്തിയിരുന്നു.

മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയക്കിടയിലും പിന്നീടുമായി 33 കുപ്പി രക്തം വയലാര്‍ രാമവര്‍മ്മക്ക് നല്‍കി. 33-ാമത് കുപ്പി രക്തം നല്‍കുന്നതിനിടയില്‍ അദ്ദേഹത്തിന് വിറയല്‍ അനുഭവപ്പെട്ടു. ഡ്യൂട്ടി ഡോക്ടര്‍ പോയി ഡോ.പി.കെ.ആര്‍.വാര്യരെ വിളിച്ചുകൊണ്ടു വന്നപ്പോഴേക്കും കവി അന്ത്യശ്വാസംവലിച്ചിരുന്നു.

ഗ്രൂപ്പ്മാറി രക്തം നല്‍കിയതാണ് വയലാറിന്റെ മരണകാരണമെന്ന് ഡോ. പി.കെ.ആര്‍.വാര്യരുമായി അടുപ്പമുള്ളവരില്‍ നിന്നാണ് താന്‍ അറിഞ്ഞതെന്ന് ഏഴാച്ചേരി രാമചന്ദ്രന്‍ 'മാതൃഭൂമി'യോട് പറഞ്ഞു. 'ഞാന്‍ ഇക്കാര്യം ഡോ. പി.കെ.ആര്‍.വാര്യരോട് ചോദിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹം ഇക്കാര്യം സ്ഥിരീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാതെ ഒഴിഞ്ഞുമാറുകയായിരുന്നു.'' രക്തം മാറിനല്‍കിയതാണ് വയലാറിന്റെ മരണകാരണമെന്ന് അദ്ദേഹത്തിന്റെ സുഹൃത്തും എഴുത്തുകാരനുമായ ചേലങ്ങാട് ഗോപാലകൃഷ്ണനും അറിയാമായിരുന്നുവെന്ന് ഏഴാച്ചേരി പറഞ്ഞു.

കൈപ്പിഴ പറ്റിയത് ഡോ. പി.കെ.ആര്‍.വാര്യര്‍ക്കല്ല അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്കാണ്. അടിയന്തരാവസ്ഥക്കാലമായതുകൊണ്ട് അന്ന് ആരും ഇതൊരു വിവാദവിഷയമാക്കിയില്ലെന്ന് ഏഴാച്ചേരി രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

''അച്ഛന്‍ മരിക്കുമ്പോള്‍ എനിക്ക് 15 വയസ്സേയുള്ളൂ. ഒന്നാംവര്‍ഷ പ്രീ-ഡിഗ്രിക്കു പഠിക്കുകയായിരുന്നു. 20 വര്‍ഷത്തിനുശേഷം അച്ഛന്റെ ഓര്‍മ്മദിനമായ തുലാം 10ന് ഉത്തരവാദിത്വമുള്ള ഒരാള്‍ വീട്ടില്‍വന്ന് മരണകാരണം ഗ്രൂപ്പുമാറി രക്തം നല്‍കിയതാണെന്ന് പറഞ്ഞു. ഞാന്‍ ഈ വിവരം അമ്മയെ അറിയിച്ചില്ല. സഹോദരിമാരോടു പറഞ്ഞു'' - വയലാറിന്റെ മകന്‍ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ വെളിപ്പെടുത്തി.

വെളിപ്പെടുത്തല്‍ നടത്തിയ ആളിന്റെ പേരുപറയുന്നതു ശരിയല്ല. ഇപ്പോള്‍ ഏഴാച്ചേരി രാമചന്ദ്രന്‍ കൂടി ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്തിയെങ്കിലും വിവാദത്തിനില്ലെന്ന് ശരത്ചന്ദ്രവര്‍മ്മ വ്യക്തമാക്കി.

''ഇവര്‍ പറയുന്നത് ശരിയാണെങ്കില്‍ അച്ഛന്റെ രണ്ടാം മരണമാണിത്. സ്വാഭാവികമരണമെന്നാണ് ആദ്യം കരുതിയത്. മരിച്ച് 36 വര്‍ഷത്തിനുശേഷം ഇനിയെന്തു ചെയ്യാനാണ്. അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട ഒരുവിവാദത്തിനും ആഗ്രഹിക്കുന്നില്ല'' - വയലാറിന്റെ മകന്‍ നിസ്സഹായത പ്രകടിപ്പിച്ചു.

എന്തുപറഞ്ഞാലും അച്ഛനെ തിരികെ കിട്ടുമോ? -ശരത്ചന്ദ്ര വര്‍മ

ആലപ്പുഴ: ''ഒന്നും പറയുന്നില്ല; ഇപ്പോള്‍ എന്തെങ്കിലും പറഞ്ഞാല്‍ അച്ഛനെ തിരിച്ചുകിട്ടുമോ?'' -വയലാര്‍ രാമവര്‍മയുടെ മരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെപ്പറ്റി മകന്‍ വയലാര്‍ ശരത്ചന്ദ്ര വര്‍മയുടെ പ്രതികരണം.

''അച്ഛന്‍ മരിച്ച് 36 വര്‍ഷത്തിനുശേഷം ഇനി അതേപ്പറ്റി ഒച്ചവെച്ചിട്ടെന്തുകാര്യം. അച്ഛന്‍ മരിച്ചപ്പോള്‍ ഞാന്‍ കുട്ടിയാണ്. അന്ന് രക്തംമാറി കുത്തിവെച്ചതാണ് മരണകാരണമെന്ന അഭിപ്രായപ്രകടനം എവിടെനിന്നും കേട്ടിരുന്നില്ല. ഇനി അതേപ്പറ്റി എന്തെങ്കിലും പറഞ്ഞിട്ട് എന്തു പ്രയോജനമാണ്?'' -ശരത് ചോദിച്ചു.
അടുത്ത കവിയെപ്പറ്റി വായിക്കാന്‍ , മറ്റു കവികള്‍ എന്ന list ലേക്ക് തിരിച്ചു പോകൂ.... 

ഒ.എൻ.വി കുറുപ്പ്

ഇത് വായിക്കേണ്ടേ ..? എന്നാല്‍ , മറ്റു കവികള്‍ എന്ന list ലേക്ക് തിരിച്ചു പോകൂ.... 


========================================================================

പാട്ടുകള്‍  കേള്‍ക്കണോ ? 
ഇതാ , ഇവിടെ ഒന്ന് ക്ലിക്കിയേ..

മലയാളത്തിലെ പ്രശസ്ത കവിയാണ് ഒ.എൻ.വി കുറുപ്പ് (ജനനം:27 മെയ് 1931). ഒ.എൻ.വി. എന്നു മാത്രവും അറിയപ്പെടുന്നു. ഒറ്റപ്ലാക്കൽ നമ്പിയാടിക്കൽ വേലു കുറുപ്പ് എന്നാണ് പൂർണ്ണനാമം. 1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ സ്ഥാനവും ഒ. എൻ. വി വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകളെ പരിഗണിച്ച് 2007-ലെജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിന് 2010-ൽ ലഭിച്ചു. ഇന്ത്യാ ഗവൺമെന്റ് 2011- ൽ പത്മവിഭൂഷൺ ബഹുമതി നൽകി ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി .

ജീവിതരേഖ


കൊല്ലം ജില്ലയിലെ ചവറയിൽ ഒറ്റപ്ലാക്കൽ കുടുംബത്തിൽ ഒ. എൻ. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27 ജനിച്ചു. ഈ ദമ്പതികളുടെ മൂന്നുമക്കളിൽ ഏറ്റവും ഇളയമകനാണ് ഒ.എൻ.വി. പരമേശ്വരൻ എന്നായിരുന്നു ആദ്യത്തെ പേര് . അപ്പു ഓമനപ്പേരും . സ്കൂളിൽ ചേർത്തപ്പോൾ മുത്തച്ഛനായ തേവാടി വേലുക്കുറുപ്പിൻറെ പേരാണ് നൽകിയത് . അങ്ങനെ അച്ഛൻറെ ഇൻഷ്യലും മുത്തച്ഛൻറെ പേരും ചേർന്ന് പരമേശ്വരൻ എന്ന അപ്പു സ്കൂളിൽ ഒ.എൻ.വേലുക്കുറുപ്പും സഹൃദയർക്ക് പ്രീയങ്കരനായ ഒ.എൻ.വിയുമായി . പ്രാഥമിക വിദ്യാഭ്യാസം കൊല്ലത്ത് . ശങ്കരമംഗലം ഹൈസ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസം .


ഔദ്യോഗിക ജീവിതം

1957 മുതൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി. 1958 മുതൽ 25 വർഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജിലും തിരുവനന്തപുരം ഗവ: വിമൻസ് കോളേജിലും മലയാ‍ളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31-നു ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വർഷക്കാലം കോഴിക്കോട് സർവ്വകലാശാലയിൽ വിസിറ്റിങ് പ്രൊഫസർ ആയിരുന്നു.ഇപ്പോൾ തത്തമ്മ കുട്ടികളുടെ ദ്വൈവാരികയുടെ മുഖ്യ പത്രാധിപരാണ് .

കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ, കേന്ദ്ര സാഹിത്യ അക്കാദമി അംഗം , കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു . ഇന്ത്യൻ പ്രോഗ്രസ്സീവ് റൈറ്റേഴ്സ് ദേശീയ അധ്യക്ഷൻ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട് . യു.കെ., കിഴക്കൻ യൂറോപ്പ് , യുഗോസ്ളോവ്യ , സോവിയറ്റ് യൂണിയൻ , അമേരിക്ക , ജർമ്മനി , സിംഗപ്പൂര് ‍, മാസിഡോണിയ , ഗൾഫ് രാജ്യങ്ങൾ എന്നീ വിദേശ രാജ്യങ്ങളിൽ ഒ . എൻ . വി. സന്ദർശനം നടത്തിയിട്ടുണ്ട് .
തിരുവനന്തപുരം യൂണിവേഴ്സിറ്റികോളേജിൽ നിന്നും 1948 ൽ ഇൻറർമീഡിയേറ്റ് പാസ്സായ ഒ.എൻ.വി കൊല്ലം എസ്.എൻ.കോളേജിൽ ബിരുദപഠനത്തിനായി ചേർന്നു. 1952 ൽസാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്തു . തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1955 ൽ മലയാളത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി .

കാവ്യജീവിതം


വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതാരചന തുടങ്ങിയ ഒ. എൻ. വി തന്റെ ആദ്യ കവിതയായ മുന്നോട്ട് എഴുതുന്നത് പതിനഞ്ചാം വയസ്സിലാണ്‌. 1949-ല് പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാ സമാഹാരം.

പ്രധാനകൃതികൾ

കവിതാ സമാഹാരങ്ങൾ
പൊരുതുന്ന സൗന്ദര്യം
സമരത്തിൻറെ സന്തതികൾ
ഞാന് നിന്നെ സ്നേഹിക്കുന്നു
മാറ്റുവിൻ ചട്ടങ്ങളെ
ദാഹിക്കുന്ന പാനപാത്രം
ഒരു ദേവതയും രണ്ട് ചക്രവർത്തിമാരും‍
ഗാനമാല‍
നീലക്കണ്ണുകൾ
മയിൽപ്പീലി
അക്ഷരം
ഒരു തുള്ളി വെളിച്ചം
കറുത്ത പക്ഷിയുടെ പാട്ട്
കാറൽമാർക്സിൻറെ കവിതകൾ
ഞാൻ അഗ്നി
അരിവാളും രാക്കുയിലും‍
അഗ്നിശലഭങ്ങൾ
ഭൂമിക്ക് ഒരു ചരമഗീതം
മൃഗയ
വെറുതെ
ഉപ്പ്
അപരാഹ്നം
ഭൈരവന്റെ തുടി
ശാര്ങ്ഗകപ്പക്ഷികൾ
ഉജ്ജയിനി
മരുഭൂമി
നാലുമണിപ്പൂക്കൾ'
തോന്ന്യാക്ഷരങ്ങൾ
നറുമൊഴി‍
വളപ്പൊട്ടുകൾ‍
ഈ പുരാതന കിന്നരം‍
സ്നേഹിച്ചു തീരാത്തവർ ‍
സ്വയംവരം‍
പാഥേയം‍
അർദ്ധവിരാമകൾ‍
ദിനാന്തം‍
വളപ്പൊട്ടുകൾ ‍


പഠനങ്ങൾ
കവിതയിലെ പ്രതിസന്ധികൾ‍
കവിതയിലെ സമാന്തര രേഖകൾ
എഴുത്തച്ഛൻ

കൂടാതെ നാടക ഗാനങ്ങൾ, ചലച്ചിത്ര ഗാനങ്ങൾ എന്നീ മേഖലകളിലും ഒ. എൻ. വി യുടെ സംഭാവന മഹത്തരമാണ്.

ചലച്ചിത്രഗാനങ്ങൾ
ആരെയും ഭാവ ഗായകനാക്കും...
ആത്മാവിൽ മുട്ടിവിളിച്ചതുപോലെ...
ഒരു ദലം മാത്രം വിടർന്നൊരു....
ശ്യാമസുന്ദരപുഷ്പമേ.....
സാഗരങ്ങളേ....
നീരാടുവാൻ നിളയിൽ....
മഞ്ഞൾ പ്രസാദവും നെറ്റിയില് ചാർത്തി....
ശരദിന്ദുമലർദീപ നാളം നീട്ടി...
ഓർമകളേ കൈവള ചാർത്തി.........
അരികിൽ നീയുണ്ടായിരുന്നെങ്കിൽ...........
വാതില്പഴുതിലൂടെൻ മുന്നിൽ.....
ആദിയുഷസന്ധ്യപൂത്തതിവിടെ...

പുരസ്കാരങ്ങൾ 

ജ്ഞാനപീഠജേതാവായ ഒ.എൻ.വിക്ക് മലയാള സാഹിത്യത്തിന് നൽകിയ സംഭാവനമാനിച്ച് 2007-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 1998 ൽ പത്മശ്രീ പുരസ്കാരവും 2011 ൽ പത്മവിഭൂഷണും ഒ.എൻ.വി യെ തേടിയെത്തി . മറ്റു പുരസ്കാരങ്ങൾ ചുവടെ:

പുരസ്കാരങ്ങൾകൃതികൾ
കേരള സാഹിത്യ അക്കാദമി പുരസ്കാരംഅഗ്നിശലഭങ്ങൾ
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരംഅക്ഷരം
ചങ്ങമ്പുഴ പുരസ്കാരം
ഭാരതീയ ഭാഷാപരിഷത്ത് അവാർഡ്
ഖുറം ജോഷ്വാ അവാർഡ്
എം.കെ.കെ.നായർ അവാർഡ്
സോവിയറ്റ്‌ലാൻഡ് നെഹ്രു പുരസ്കാരംഉപ്പ്
വയലാർ രാമവർമ പുരസ്കാരംഉപ്പ്
പന്തളം കേരളവർമ്മ ജന്മശതാബ്ദി പുരസ്കാരംകറുത്ത പക്ഷിയുടെ പാട്ട്
വിശ്വദീപ പുരസ്കാരംഭൂമിക്കൊരു ചരമഗീതം
മഹാകവി ഉള്ളൂർ പുരസ്കാരംശാർങ്ഗക പക്ഷികൾ
ആശാൻ പുരസ്കാരംശാർങ്ഗക പക്ഷികൾ
ആശാൻ പ്രൈസ് ഫോർ പൊയട്രിഅപരാഹ്നം
പാട്യം ഗോപാലൻ അവാർഡ്ഉജ്ജയിനി
ഓടക്കുഴൽ പുരസ്കാരംമൃഗയ
ഈ പുരസ്കാരങ്ങൾക്കു പുറമേ മികച്ച ചലച്ചിത്ര ഗാന രചയിതാവിനുള്ള 13 സംസ്ഥാന സർക്കാർ പുരസ്കാരങ്ങളും, 1989-ൽ ദേശീയ പുരസ്കാരവും ലഭിച്ച ഒ. എൻ. വി കുറുപ്പിനു 1998-ൽ പത്മശ്രീയും2010-ൽ പത്മവിഭൂഷണും ലഭിച്ചിട്ടുണ്ട്.

കേന്ദ്ര - കേരളസംസ്ഥാന പുരസ്കാരങ്ങൾ

2011 - പത്മവിഭൂഷൻ
2008 - എഴുത്തച്ഛൻ പുരസ്കാരം
1998 - പത്മശ്രീ പുരസ്കാരം
1982 - ഉപ്പ് എന്ന കൃതിക്ക് വയലാർ പുരസ്കാരം
1975 - അക്ഷരം എന്ന കൃതിക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം
1971 - അഗ്നിശലഭങ്ങൾ എന്ന കൃതിക്ക് കേരളസാഹിത്യ അക്കാദമി പുരസ്കാരം

നാഷണൽ ഫിലിം അവാർഡ്


1989 - നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം വൈശാലി

കേരള ഫിലിം അവാർഡുകൾ

2008- നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം: ഗുൽമോഹർ
1990- നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം: രാധാമാധവം
1989- നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം: ഒരു സയാഹ്നത്തിന്റെ സ്വപ്നത്തിൽ, പുറപ്പാട്
1988- നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം: വൈശാലി
1987- നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം: മണിവത്തൂരിലെ ആയിരം ശിവരാത്രികൾ
1986- നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം: നഖക്ഷതങ്ങൾ
1984- നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം: അക്ഷരങ്ങൾ, ഇത്തിരിപ്പൂവേ ചുവന്നപൂവേ
1983- നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം: ആദാമിന്റെ വാരിയെല്ല്
1980- നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം: യാഗം, അമ്മയും മകളും
1979- നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം: ഉൾക്കടൽ
1977- നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം: മദനോത്സവം
1976- നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം: ആലിംഗനം
1973- നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം: സ്വപ്നാടനം

ഫിലിംഫെയർ അവാർഡ്


2009 - നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം: പഴശ്ശിരാജ

ഏഷ്യാനെറ്റ് ഫിലിം അവാർഡുകൾ


2001 - നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം: മേഘമൽഹർ
2002 - നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം, ചിത്രം: എന്റെ ഹൃദയത്തിന്റെ ഉടമ

മറ്റുള്ള പുരസ്കാരങ്ങൾ

1981 - സോവിയറ്റ് ലാൻഡ് നെഹ്രു അവാർഡ് ഉപ്പ് എന്ന കൃതിക്ക്
1982 - വയലാർ രാമവർമ്മ അവാർഡ് ഉപ്പ് എന്ന കൃതിക്ക്
2003 - ബഹറിൻ കേരളീയ സമാജം സാഹിത്യ അവാർഡ്
2007 - കേരളാ യൂണിവേർസിറ്റി ഡോക്‌ടറേറ്റ് നൽകി ആദരിച്ചു
2007- ജ്ഞാനപീഠപുരസ്കാരം ( പ്രഖ്യാപിച്ചത് 2010 സെപ്തംബർ 24 ന്)
2009 - രാമാശ്രമം ട്രസ്റ്റ്ആവാർഡ്

അടുത്ത കവിയെപ്പറ്റി വായിക്കാന്‍ , മറ്റു കവികള്‍ എന്ന list ലേക്ക് തിരിച്ചു പോകൂ.... 

കുഞ്ചൻ നമ്പ്യാർ

ഇത് വായിക്കേണ്ടേ ..? എന്നാല്‍ , മറ്റു കവികള്‍ എന്ന list ലേക്ക് തിരിച്ചു പോകൂ.... 

  •  കുഞ്ചന്‍ നമ്പ്യാരുടെ പഞ്ചതന്ത്രം മലയാളം വായിക്കേണ്ടേ ..? ഇതാ , ഇവിടെ ...
  • കുഞ്ചന്‍ നമ്പ്യാരുടെ ഒരു ഓട്ടന്‍ തുള്ളല്‍ കേള്‍ക്കണോ ..? ഇതാ ,, ഇവിടെ..

========================================================================
പതിനെട്ടാം നൂറ്റാണ്ടിലെ (1705-1770) പ്രമുഖമലയാളഭാഷാ കവിയാണ് കുഞ്ചൻ നമ്പ്യാർ. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളൽ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികൾ മിക്കവയും തുള്ളൽ അവതരണങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി എഴുതപ്പെട്ടവയാണ്. നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് അദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര. മലയാളത്തിലെ ഹാസ്യകവികളിൽഅഗ്രഗണനീയനാണ് നമ്പ്യാർ.

പ്രാചീന കവിത്രയത്തില്‍ ഒരാള്‍ ഇദ്ദേഹമാണ് ..
ആലപ്പുഴയിലെ അമ്പലപ്പുഴയിലുള്ള കുഞ്ചൻ സ്മാരകം


ജീവിതരേഖ:

ചന്ദ്രികാവീഥി, ലീലാവതീവീഥി, തുടങ്ങിയ രൂപകം രൂപകങ്ങളും, വിഷ്ണുവിലാസം, രഘവീയം എന്നീ മഹാകാവ്യങ്ങളും വിലാസം, ശിവശതകം എന്നീ ഖണ്ഡകാവ്യങ്ങളും, രാസക്രീഡ, വൃത്തവാർത്തികം എന്നീ ഛന്ദശ്ശാസ്ത്രഗ്രന്ഥങ്ങളും മറ്റും സംസ്കൃതത്തിൽ‍ എഴുതിയ രാമപാണിവാദനും കുഞ്ചൻ നമ്പ്യാരും ഒരാൾതന്നയാണെന്ന് ഏറെ ചർച്ചചെയ്യപ്പെട്ട ഒരു വാദം മഹാകവി ഉള്ളൂർകേരളസാഹിത്യചരിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ആ അവകാശവാദം ഇന്നും സ്ഥിരീകൃതമായിട്ടില്ല.


നമ്പ്യാരുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്ന രേഖകളൊന്നുമില്ല. ലഭ്യമായ അറിവു വച്ച്, ഇന്നത്തെ പാലക്കാട് ജില്ലയിലെ ലക്കിടി തീവണ്ടിയാപ്പീസിനടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിലായിരുന്നു നമ്പ്യാരുടെ ജനനം എന്ന് കരുതപ്പെടുന്നു.ബാല്യകാല വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം പിതാവിനോടൊപ്പം പിതൃദേശമായകിടങ്ങൂരിലത്തി. തുടർന്ന് ചമ്പകശ്ശേരിരാജാവിന്റെ ആശ്രിതനായി ഏറെക്കാലം അമ്പലപ്പുഴയിലാണ്‌ അദ്ദേഹം ജീവിച്ചത്. ഇക്കാലത്താണ്‌ തുള്ളൽ കൃതികളിൽ മിക്കവയും എഴുതിയതെന്ന്‌ കരുതപ്പെടുന്നു. ചെമ്പകശ്ശേരി രാജാവായ ദേവനാരായണനെ പുകഴ്ത്തുന്ന കല്യാണസൗഗന്ധികത്തിലെ ഈ വരികൾ പ്രസിദ്ധമാണ്:-

ചെമ്പകനാട്ടിന്നലങ്കാരഭൂതനാം,
തമ്പുരാൻ ദേവനാരായണസ്വാമിയും
കമ്പം കളഞ്ഞെന്നെ രക്ഷിച്ചുകൊള്ളണം;
കുമ്പിടുന്നേനിന്നു നിൻപദാംഭോരുഹം

1746-ൽ മാർത്താണ്ഡവർമ്മ ചമ്പകശ്ശേരി രാജ്യം കീഴടക്കി വേണാടിനോട് ചേർത്തതിനെ തുടർന്ന് നമ്പ്യാർ തിരുവനന്തപുരത്തേക്കു താമസം മാറ്റി. അവിടെ അദ്ദേഹം, മാർത്താണ്ഡവർമ്മയുടേയും അദ്ദേഹത്തെ തുടർന്ന് ഭരണമേറ്റ കാത്തിക തിരുനാളിന്റെയും (ധർമ്മരാജാവ്) ആശ്രിതനായി ജീവിച്ചു. വാർദ്ധക്യത്തിൽ രാജസദസ്സിലെ ജീവിതം ബുദ്ധിമുട്ടായിത്തോന്നിയ അദ്ദേഹം സ്വന്തം നാടായ അമ്പലപ്പുഴക്ക് മടങ്ങാൻ ആഗ്രഹിച്ചു.

കോലംകെട്ടുക, കോലകങ്ങളിൽ നടക്കെന്നുള്ള വേലക്കിനി-
ക്കാലം വാർദ്ധകമാകയാലടിയനെച്ചാടിക്കൊലാ ഭൂപതേ.

എന്ന കവിയുടെ അഭ്യർഥന രാജാവ് സ്വീകരിച്ചതിനെത്തുടർന്ന് അദ്ദേഹം അമ്പലപ്പുഴക്ക് മടങ്ങി. 1770-ലായിരുന്നു മരണം എന്ന് കരുതപ്പെടുന്നു. പേപ്പട്ടി വിഷബാധയായിരുന്നു മരണകാരണം എന്നൊരു കഥ പ്രചരിച്ചിട്ടുണ്ട്.

Click to view full size image
കൃതികൾ

തുള്ളൽ


അമ്പലപ്പുഴ ക്ഷേത്രത്തിൽ ചാക്യാർകൂത്ത് എന്ന ക്ഷേത്രകലയിൽ മിഴാവ് കൊട്ടുകയായിരുന്ന നമ്പ്യാർ ഒരിക്കൽ ഉറങ്ങിയപ്പോൾ പരിഹാസപ്രിയനായ ചാക്യാർ അരങ്ങത്തുവച്ചുതന്നെ കലശലായി പരിഹസിച്ചു ശകാരിച്ചതാണ് തുള്ളലിന്റെ തുടക്കത്തിന് കാരണമായതെന്ന് ഒരു കഥയുണ്ട്. പകരം വീട്ടാൻ അടുത്ത ദിവസം തന്നെ നമ്പ്യാർ ആവിഷ്കരിച്ച് അവതരിപ്പിച്ച പുതിയ കലാരൂപമായിരുന്നത്രെ തുള്ളൽ. തുള്ളലിന് കൂത്തുമായി വളരെ സാമ്യമുണ്ടെന്നതൊഴിച്ചാൽ ഈ ഐതിഹ്യത്തിൽ എത്രമാത്രം സത്യമുണ്ടെന്ന് പറയുക ബുദ്ധിമുട്ടാണ്. ഏതായാലും തുള്ളലിനെ ഒരൊന്നാംകിട കലാരൂപമായി വികസിച്ചെടുക്കാനും അതിന് പരക്കെ അംഗീകാരം നേടിയെടുക്കാനും നമ്പ്യാർക്ക് കഴിഞ്ഞു. അസാമാന്യമായ ഭാഷാനൈപുണ്യം കൊണ്ട് അനുഗൃഹീതനായിരുന്നു നമ്പ്യാർ. വാക്കുകൾ അദ്ദേഹത്തിന്റെ നാവിൽ നൃത്തം ചെയ്യുകയായിരുന്നത്രെ.

പാൽക്കടൽത്തിര തള്ളിയേറി
വരുന്നപോലെ പദങ്ങളെൻ
നാവിലങ്ങനെ നൃത്തമാണൊരു
ഭോഷ്ക്കു ചൊല്ലുകയല്ല ഞാൻ
എന്നു പറയാൻ മാത്രം ആത്മവിശ്വാസമുണ്ടായിരുന്നെങ്കിലും, തുള്ളലുകളുടെ ഭാഷയായി നമ്പ്യാർ തെരഞ്ഞെടുത്തത് സംസാരഭാഷയോട് ഏറ്റവും അടുത്ത സാധാരണക്കാരന്റെ ഭാഷയാണ്. അത് അവയ്ക്ക് കൂടുതൽ സ്വീകാര്യത നേടിക്കൊടുത്തു. സാധാരണക്കാർക്ക് രുചിക്കുന്ന കവിത അവരുടെ ഭാഷയിൽ തന്നെ ആയിരിക്കണം എന്ന് നമ്പ്യാർ പറഞ്ഞിട്ടുണ്ട്:-

ഭടജനങ്ങടെ നടുവിലുള്ളൊരു പടയണിക്കിഹ ചേരുവാൻ
വടിവിയന്നൊരു ചാരുകേരള ഭാഷതന്നെ ചിതം വരൂ
ഭാഷയേറിവരുന്ന നല്ലമണിപ്രവാളമതെങ്കിലോ
ഭൂഷണം വരുവാനുമില്ല: വിശേഷഭൂഷണമായ്‌വരും


ഓട്ടൻ, ശീതങ്കൻ, പറയൻ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി 64 തുള്ളലുകൾ നമ്പ്യാർ എഴുതിയതായി പറയപ്പെടുന്നു. നമ്പ്യാരുടെ ഏറെ പ്രസിദ്ധമായ ഫലിതബോധത്തിനു പുറമേ അദ്ദേഹത്തിന്റെ വിപുലമായ അനുഭവസമ്പത്തും എല്ലാ വിജ്ഞാനശാഖകളിലുമുള്ള അവഗാഹവും ഈ കൃതികൾ പ്രകടിപ്പിക്കുന്നു. അദ്ദേഹത്തിന്റേതായി പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത് താഴെപ്പറയുന്ന നല്പത് തുള്ളലുകളാണ്:-

ഓട്ടൻ തുള്ളലുകൾ
സ്യമന്തകം
ഘോഷയാത്ര
നളചരിതം
കിരാതം
കാർത്തവീര്യാർജ്ജുനവിജയം
രുഗ്മിണീസ്വയം‌വരം
പ്രദോഷമാഹാത്മ്യം
രാമാനുജചരിതം
ബാണയുദ്ധം
പാത്രചരിതം
സീതാസ്വയം‌വരം
ലീലാവതീചരിതം
അഹല്യാമോഷം
രാവണോത്ഭവം
ചന്ദ്രാംഗദചരിതം
നിവാതകവചവധം
ബകവധം
സന്താനഗോപാലം
ബാലിവിജയം
സത്യാസ്വയം‌വരം
ഹിദിംബവധം
ഗോവർദ്ധനചരിതം
ശീതങ്കൻ തുള്ളലുകൾ
കല്യാണസൗഗന്ധികം
പൗണ്ഡ്രവധം
ഹനുമദുത്ഭവം
ധ്രുവചരിതം
ഹരിണീസ്വയം‌വരം
കൃഷ്ണലീല
ഗണപതിപ്രാതൽ
ബാല്യുത്ഭവം
പറയൻ തുള്ളലുകൾ
സഭാപ്രവേശം
പുളിന്ദീമോഷം
ദക്ഷയാഗം
കീചകവധം
സുന്ദോപസുന്ദോപാഖ്യാനം
നാളായണീചരിതം
ത്രിപുരദഹനം
കുംഭകർണ്ണവധം
ഹരിശ്ചന്ദ്രചരിതം
ഇതരകൃതികൾ

തുള്ളലുകളല്ലാത്ത കൃതികളും നമ്പ്യാരുടേതായുണ്ട്‌. താഴെപ്പറയുന്നവ അവയിൽ ചിലതാണ്:-
പഞ്ചതന്ത്രം കിളിപ്പാട്ട്
ശ്രീകൃഷ്ണചരിതം മണിപ്രവാളം
രുഗ്മിണീസ്വയംവരം പത്തുവൃത്തം
ശീലാവതി നാലുവൃത്തം
ശിവപുരാണം
നളചരിതം കിളിപ്പാട്ട്
വിഷ്ണുഗീത

കൃതികളുടെ പ്രത്യേകതകൾ

സമൂഹവിമർശനം, നിശിതമായ ഫലിതപരിഹാസങ്ങൾ, കേരളീയത, സാധാരണക്കാരന്റെ ഭാഷ, ലോകോക്തികൾ എന്നിവയെല്ലാം നമ്പ്യാരുടെ കൃതികളുടെ ലക്ഷണങ്ങളായി നിരൂപകർ എടുത്തു പറയുന്നു. അദ്ദേഹത്തിന്റെ രചനകളുടെ ഈ പ്രത്യേകതകൾ കവിക്ക് വലിയ ജനപ്രീതി നേടിക്കൊടുത്തു. ജനകീയ കവി എന്ന് നമ്പ്യാർ വിശേഷിക്കപ്പെടാറുണ്ട്.

ഫലിതം

പുരാണകൃതികളെ അവലംബിച്ചായിരുന്നു നമ്പ്യാരുടെ മിക്ക തുള്ളൽ കൃതികളും എങ്കിലും അവയിൽ കഴിയുന്നത്ര നർമ്മവും സാമൂഹ്യപ്രസക്തിയുള്ള പരിഹാസവും കലർത്തുവാൻ കവി ശ്രദ്ധിച്ചിരുന്നു. നളചരിതത്തിൽ, സന്ദേശം വഹിച്ചുകൊണ്ടു പറന്നുപോകുന്ന അരയന്നം കണ്ട ദേശാന്തരങ്ങളിലെ കാഴ്ചകൾ വർണ്ണിക്കുന്ന ഭാഗം പ്രസിദ്ധമാണ്.
നായർ വിശന്നു വലഞ്ഞു വരുമ്പോൾ കായക്കഞ്ഞിക്കരിയിട്ടില്ല;
ആയതുകേട്ടുകലമ്പിച്ചെന്നങ്ങായുധമുടനേ കാട്ടിലെറിഞ്ഞു.
ചുട്ടുതിളക്കും വെള്ളമശേഷം കുട്ടികൾ തങ്ങടെ തലയിലൊഴിച്ചു.
കെട്ടിയ പെണ്ണിനെ മടികൂടാതെ, കിട്ടിയ വടികൊണ്ടൊന്നു കൊമച്ചു.
ഉരുളികൾ കിണ്ടികളൊക്കെയുടച്ചു, ഉരലുവലിച്ചു കിണറ്റിൽ മറിച്ചു;
ചിരവയെടുത്തഥ തീയിലെരിച്ചു, അരകല്ലങ്ങു കുളത്തിലെറിഞ്ഞു;
അതുകൊണ്ടരിശം തീരാഞ്ഞവനപ്പുരയുടെ ചുറ്റും മണ്ടി നടന്നു.
കല്യാണസൗഗന്ധികത്തിൽ പാഞ്ചാലിയുടെ ആഗ്രഹപ്രകാരം സൗഗന്ധികപ്പൂ തേടിപ്പോകുന്ന ഭീമൻ, ഒരു വൃദ്ധവാനരനെന്ന മട്ടിൽ വഴിമുടക്കി കിടന്ന ഹനുമാനോട് കയർക്കുന്ന ഭാഗം രസകരമാണ്:-

നോക്കെടാ! നമ്മുടെ മാർഗ്ഗേ കിടക്കുന്ന മർക്കടാ, നീയങ്ങു മാറിക്കിടാ ശഠാ!
ദുർഘടസ്ഥാനത്തു വന്നുശയിപ്പാന്നിനക്കെടാ തോന്നുവനെന്തെടാ സംഗതി?

തന്റെ അവശസ്ഥിതി അറിഞ്ഞ് വഴിമാറിപ്പോകാൻ ആവശ്യപ്പെടുന്ന ഹനുമാനോട് ഭീമൻ പിന്നെയും ഇടയുന്നു:-

ആരെന്നരിഞ്ഞു പറഞ്ഞു നീ വാനരാ!, പാരം മുഴുക്കുന്നു ധിക്കാരസാഹസം;
പൂരുവംശത്തിൽ പിറന്നു വളർന്നൊരു പൂരുഷശ്രേഷ്ഠൻ വൃകോദരനെന്നൊരു
വീരനെ കേട്ടറിവില്ലേ നിനക്കെടോ, ധീരനാമദ്ദേഹമിദ്ദേഹമോർക്ക നീ
നേരായ മാർഗ്ഗം വെടിഞ്ഞു നടക്കയില്ലാരോടു മിജ്ജനം തോൽക്കയുമില്ലേടോ,
മാറിനില്ലെന്നു പറയുന്ന മൂഢന്റെ മാറിൽ പതിക്കും ഗദാഗ്രമെന്നോർക്കണം.

ഈ വീമ്പിന് മറുപടികൊടുത്ത ഹനുമാൻ, നാലഞ്ചു ഭർത്താക്കന്മാർ ഒരു പെണ്ണിന് എന്നത് നാലുജാതിക്കും വിധിച്ചതല്ല എന്ന് ഭീമനെ ഓർമ്മിപ്പിക്കുന്നു. കൂടാതെ, ദുശ്ശാസനൻ പണ്ട് കൗരവസഭയിൽ വച്ച് പാഞ്ചാലിയോട് അതിക്രമം ചെയ്തത് കണ്ണും മിഴിച്ച് കണ്ട് നിന്നപ്പോൾ പൊണ്ണത്തടിയനായ ഭീമന്റെ പരാക്രമം കാശിക്കു പോയിരിക്കുകയായിരുന്നോ എന്നും നമ്പ്യാർ ഹനുമാനെക്കൊണ്ട് ചോദിപ്പിക്കുന്നുണ്ട്.

കേരളീയത

പതിനെട്ടാം ശതകത്തിൽ കേരളത്തിൽ നിലവിലിരുന്ന സാമൂഹിക സ്ഥിതിയിലേക്ക് നമ്പ്യാരുടെ കൃതികൾ വെളിച്ചം വീശുന്നു. ഭൂസ്ഥിതി, സസ്യപ്രകൃതി, ജലവിനിയോഗം, പാരമ്പര്യജന്തു വിജ്ഞാനം, നാടൻ തത്ത്വചിന്ത, നാട്ടു വിദ്യാഭ്യാസരീതി, നാടൻ വിനോദങ്ങൾ, ഉത്സവങ്ങൾ, അങ്ങാടി വാണിഭം, നാടൻ മത്സ്യബന്ധനം, ചികിത്സാരീതികൾ, കൃഷിയറിവുകൾ, കടലറിവുകൾ, കാട്ടറിവുകൾ, നാടൻ ഭക്ഷണ രീതികൾ, നാട്ടു സംഗീതം, മുത്തശ്ശിച്ചൊല്ലുകൾ തുടങ്ങിയ മണ്ഡലങ്ങൾ നമ്പ്യാർ കവിത വിശദമാക്കുന്നു

തുള്ളൽക്കവിതകളിൽ മിക്കവയുടേയും പ്രമേയം പുരാണേതിഹാസങ്ങളാണെങ്കിലും നമ്പ്യാർ അവക്ക് കൊടുക്കുന്ന പശ്ചാത്തലം കേരളീയമാണ്. കഥാപാത്രങ്ങൾക്ക് അദ്ദേഹം മലയാളിത്തം കല്പിച്ചുകൊടുക്കുന്നു. ഭീമൻ, ദുര്യോധനൻ, ദേവേന്ദ്രൻ , ദമയന്തി, ദ്രൗപദി, സീത, പാർവ്വതി തുടങ്ങിയ കഥാപാത്രങ്ങൾ കേരളത്തിലെ സ്ഥിതിഗതികൾക്കനുരൂപമായ വേഷപ്പകർച്ചയോടുകൂടി മാത്രമേ തുള്ളലുകളിൽ പ്രത്യക്ഷപ്പെടുന്നുള്ളു. ഭൂ-സ്വർഗ്ഗ-പാതാളങ്ങൾ നമ്പ്യാരുടെ ഭാവനയിൽ അമ്പലപ്പുഴയോ, തിരുവനന്തപുരമോ ആയി മാറുന്നു. അയൊദ്ധ്യയിലും, അളകാപുരിയിലും, സ്വർഗ്ഗത്തിലും പാതാളത്തിലും എല്ലാം കേരളീയർ തന്നെ. കേളച്ചാരും, കാളിപ്പെണ്ണും ചിരികണ്ടച്ചാരും, കോന്തനും, കേളനും, കുമരിയും, ഇച്ചിരിയും, ഇട്ടുണ്ണൂലിയും ഒക്കെ അവിടങ്ങളിൽ ഉണ്ട്. കേരളത്തിലെ നായന്മാരും പട്ടന്മാരും, കൊങ്ങിണിമാരും, നമ്പൂതിരിമാരും ഇല്ലാത്ത പ്രദേശങ്ങൾ ഇല്ല. സന്താനഗോപാലത്തിലെ അർജുനൻ, യമപുരിയിൽ ചെന്നപ്പോൾ "കള്ളുകുടിക്കും നായന്മാരുടെ പള്ളക്കിട്ടു കൊടുക്കണ കണ്ടു" വത്രെ. ദുര്യോധനന്റെ വനത്തിലേക്കുള്ള ഘോഷയാത്രയിൽ അമ്പും വില്ലും ധരിച്ച നായന്മാരെ കൂടാതെ, "പട്ടാണികൾ പല ചെട്ടികളും കോമട്ടികളും പല പട്ടന്മാരും" ഒക്കെ ഉണ്ടായിരുന്നു. ഘോഷയാത്രക്ക് മുൻപ് സേനകൾക്ക് നലകിയ സദ്യയും തികച്ചും കേരളീയമായിരുന്നു:-

ഇലവച്ചങ്ങു നിരന്നു തുടങ്ങീ, വലിയരിവച്ചു വെളുത്തൊരു ചോറും
പലപല കറിയും പഴവും നെയ്യും നലമൊടു വളരെ വിളമ്പീടുന്നു.
വട്ടഞ്ചക്കര ചേർത്തുകലക്കി ചട്ടം കൂട്ടിന തേങ്ങാപ്പാലും
ഒട്ടല്ലൂണിനു വട്ടം പലവിധമിഷ്ടമറിഞ്ഞു കൊടുത്തീടുന്നു

കാർത്തവീരാർജ്ജുനവിജയത്തിൽ രാവണൻ ചിത്രയോധിയെ അയച്ച് കാർത്തവീരാർജ്ജുനന്റെ അടുത്ത് ഉന്നയിക്കുന്ന ആവശ്യങ്ങളുടെ സാഹചര്യങ്ങളും കേരളീയമാണ്:-

വിളവിൽ പാതി നമുക്കു തരേണം, മുളകു സമസ്തവുമേല്പ്പിക്കേണം;
തെങ്ങുകവുങ്ങുകൾ മാവും പ്ലാവും എങ്ങുമെനിക്കിഹ കണ്ടെഴുതേണം;
മാടമ്പികളുടെ പദവികളൊന്നും, കൂടുകയില്ലാ നമ്മുടെ നാട്ടിൽ;
വീടന്മാരും വിളവുകൾ നെല്ലുകൾ വിത്തിലിരട്ടി നമുക്കുതരേണം;
നാട്ടിലിരിക്കും പട്ടന്മാരും, നാലാക്കൊന്നു നമുക്കുതരേണം;
വീട്ടിലിരിക്കും നായന്മാർ പടവില്ലും കുന്തവുമേന്തിച്ചൊല്ലും-
വേലയെടുത്തു പൊറുക്കണമെല്ലാനാളും പാർത്താ ദശമുഖഭവനേ;
കള്ളുകുടിക്കും നായന്മാർക്കിടി കൊള്ളുന്താനുമതോർത്തീടേണം.

സമൂഹവിമർശനം

സമൂഹത്തിലെ തിന്മകളെ തന്റെ ഫലിതം കലർന്ന ശൈലിയിൽ നമ്പ്യാർ വിമർശിക്കുന്നത് പലയിടത്തും കാണാം.

രാജ്യകാര്യങ്ങളെ ക്ലേശിക്കയെന്നൊരു വ്യാജംനടിച്ചു സമസ്ത സാധുക്കളെ
തേജോവധംചെയ്തു വിത്തമാർജ്ജിച്ചുകൊണ്ടാജീവനാന്തം കഴിക്കുന്നിതുചിലർ.

എന്ന ഹരിണീസ്വയം‌വരത്തിലെ വിമർശനം ഭരണാധികാരികളേയും ഉദ്യോഗസ്ഥവൃന്ദത്തേയും ആയിരിക്കണം ലക്ഷ്യമാക്കിയത്.
വൈദ്യം പഠിക്കണം ദ്രവ്യമുണ്ടാക്കുവാൻ
കാരസ്കരഘൃതം ഗുൽ‍ഗുലുതിക്തകം
ചേരുന്ന നെയ്കളുമെണ്ണപൊടികളും
സാരമായുള്ള ഗുളികയും കൈക്കൊണ്ടുചെ-
ന്നോരോവിധം പണം കൈക്കലാക്കീടുന്നു.

എന്ന് ധനമോഹികളായ വൈദ്യന്മാരെ വിമർശിക്കുന്ന ധൃവചരിതത്തിലെ ഭാഗം പ്രസിദ്ധമാണ്.

ഉദ്യോഗസ്ഥന്മാരെ സ്വാധീനിക്കാൻ ചിലപ്പോഴൊക്കെ, അവരുടെ കൊച്ചമ്മമാരോട് അടുത്തുകൂടുകയായിരുന്നു വഴി എന്ന അവസ്ഥ നമ്പ്യാർ ഹരിണീസ്വയം‌വരത്തിൽ സൂചിപ്പിക്കുന്നതിങ്ങനെയാണ്:-
സർവ്വാധികാരിയെക്കണ്ടാൽ നമുക്കിന്നു
കാര്യങ്ങൾ സാധിക്ക വൈഷമ്യമായ്‌വരും.
നാണിയെക്കണ്ടാലെളുപ്പമാമെന്നൊരു
നാണിയം നാട്ടിൽ നടത്താതിരിക്കണം.

കാര്യമായൊരു ജോലിയും ചെയ്യാതെ, ഊണും ഉറക്കവും, പരദൂഷണവും മറ്റുമായി നടക്കുന്നവരെ നമ്പ്യാർ പാത്രചരിതത്തിൽ വരച്ചുകാട്ടുന്നതിങ്ങനെയാണ്:-

ഉണ്ണണമെന്നും മുറങ്ങണമെന്നും,
പെണ്ണുങ്ങളൊടു രസിക്കണമെന്നും
കണ്ണിൽക്കണ്ട ജനങ്ങളെയെല്ലാം
എണ്ണിക്കൊണ്ടു ദുഷിക്കണമെന്നും
ഇത്തൊഴിലല്ലാതിപ്പരിഷക്കൊരു
വസ്തുവിചാരമൊരിക്കലുമില്ല.

ലോകോക്തികൾ

മലയാളത്തിലെ പ്രസിദ്ധമായ പല ലോകോക്തികളും നമ്പ്യാർക്കവിതയിൽ നിന്ന് വന്നവയാണ്:-
നെല്ലും പണങ്ങളുമുണ്ടെന്നുറച്ചിട്ടു കല്ലിലും പുല്ലിലും തൂകിത്തുടങ്ങൊലാ.
കണ്ടാലറിവാൻ സമർഥനല്ലെങ്കിൽ നീ കൊണ്ടാലറിയുമതിനില്ല സംശയം.
കൂനൻ മദിച്ചെന്നാൽ ഗോപുരം കുത്തുമോ?

തുടങ്ങിയവയുടെ ഉറവിടം കല്യാണസൗഗന്ധികമാണെങ്കിൽ, താഴെപ്പറയുന്നവ കിരാതത്തിൽ നിന്നാണ്.

മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം.
കനകംമൂലം കാമിനിമൂലം കലഹം പലവിധമുലകിൽ സുലഭം.
തള്ളക്കിട്ടൊരു തല്ലു വരുമ്പോൾ പിള്ളയെടുത്തു തടുക്കേയുള്ളൂ.
വല്ലാമക്കളിലില്ലാമക്കളിതെല്ലാവർക്കും സമ്മതമല്ലോ.
ദുഷ്ടുകിടക്കെവരട്ടും വൃണമതു പൊട്ടും പിന്നെയുമൊരു സമയത്തിൽ.
എലിയെപ്പോലെയിരിക്കുന്നവനൊരു പുലിയെപ്പോലെ വരുന്നതു കാണാം.
നമ്പ്യാർ കവിതയുടെ വിമർശനം

എല്ലാവിഭാഗം മലയാളികളുടെയിടയിലും ജനസമ്മതിയും അംഗീകാരവും നേടിയ കവി ആയിരുന്നിട്ടും നമ്പ്യാർ കവിത ശക്തമായി വിമർശിക്കപ്പെട്ടിട്ടുമുണ്ട്. ഇതിഹാസപുരാണങ്ങളിലെ കഥാപാത്രങ്ങളേയും സന്ദർഭങ്ങളേയും കേരളീയസാഹചര്യങ്ങളിൽ ഫലിതത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന നമ്പ്യാരുടെ രീതിയെ ഇരുപതാം നൂറ്റാണ്ടിലെ ഒന്നാംകിട മലയാള സാഹിത്യവിമർശകനായിരുന്ന കുട്ടികൃഷ്ണമാരാർ വാഗ്‌വ്യഭിചാരമായാണ് വിശേഷിപ്പിച്ചത്. കല്യാണസൗഗന്ധികത്തിലെ 'ഭീമ-ഹനൂമൽസംവാദ' ത്തിന്റെ നിശിതമായ വിമർശനം മാരാരുടെ 'ഭാരതപര്യടനം' എന്ന പ്രഖ്യാതകൃതിയിലുണ്ട്. നമ്പ്യാർ ഹനുമാനെ 'അങ്ങാടിക്കൂളനും' ഭീമസേനനെ 'മേനിക്കണ്ടപ്പനും' ആയി തരംതാഴ്ത്തിയെന്ന് മാരാർ ആക്ഷേപിക്കുന്നു:-

പാണ്ഡവന്മാരുടെ തീർഥയാത്രയുടെ ഒടുക്കം ഗന്ധമാദനത്തിൽ വച്ചു പഞ്ചാലിക്കുവേണ്ടി സൗഗന്ധിപ്പൂക്കൾ തേടിപ്പോകുന്ന ഭീമസേനനെ, അദ്ദേഹത്തിന്റെ യുഗാന്തജ്യേഷ്ടനായ ഹനുമാൻ വഴി തടഞ്ഞു പരിഹസിച്ച ഒരു സന്ധർഭമുണ്ടല്ലോ. അതിന്റെ പിന്നിലുള്ള അഗാധമായ ഭ്രാതൃവാത്സല്യത്തിന്നെതിരായി മഹാഭാരതത്തിൽ ഒരക്ഷരവുമില്ല. ഈ കഥയെടുത്തു നമ്മുടെ ഒരു 'ഹാസസാഹിത്യസാമ്രാട്ട്' എഴുതിയ തുള്ളലിൽ ആ സഹോദരസമാഗമം എന്തായിരിക്കുന്നു എന്നു നോക്കുക. അവിടെ ഹനുമാൻ വഴിപോകുന്നവരെ ചെന്നു തടഞ്ഞു വഴക്കുണ്ടാക്കി അവരെ പൊതിരെ തെറി പറഞ്ഞുവിടുന്ന അങ്ങാടിക്കൂളനും, ഭീമസേനൻ എന്തു തെറി കേട്ടാലും നാണമില്ലാതെ ഒഴിച്ചുപോകാതെ അതിനൊക്കെ പകരം വീമ്പിളക്കുവാൻ മിനക്കെടുന്ന മേനിക്കണ്ടപ്പനുമായി മാറിയിരിക്കുന്നു. ഇത്തരം വാഗ്‌വ്യഭിചാരങ്ങലെ ഉൽകൃഷ്ടസാഹിത്യത്തിന്റെ പന്തിയിലിരത്തുന്ന നമ്മുടെ വകതിരിവില്ലായ്മയെയാണ് ഞാനിവിടെ എതിർക്കുന്നത്

സാധാരണക്കാരുടെ ഭാഷയിൽ അവർക്കു വേണ്ടി എഴുതിയ ജനകീയ കവിയായി നമ്പ്യാർ കണക്കാക്കപ്പെടുന്നെങ്കിലും അദ്ദേഹത്തിന്റെ കവിതയുടെ സാമൂഹ്യപശ്ചാത്തലത്തിന്റെ പരിമിതികൾ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. സാഹിത്യം അധഃസ്ഥിതവിഭാഗങ്ങളിലെ മനുഷ്യരെ പൊതുവേ അവഗണിച്ചിരുന്ന കാലത്ത് എഴുതപ്പെട്ടതിനാൽ നമ്പ്യാരുടെ കവിത പോലും നായന്മാർ വരെയുള്ള ജനവിഭാഗങ്ങളെ മത്രമേ കണക്കിലെടുത്തുള്ളു എന്നും അതിനു താഴെയുള്ള ജനങ്ങളെക്കുറിച്ചുള്ള സൂചനകൾ അദ്ദേഹത്തിന്റെ സൃഷ്ടികളിൽ വിരളമാണെന്നുമാണ് വിമർശനം.
നമ്പ്യാരെക്കുറിച്ചുള്ള ഫലിതകഥകൾ

നമ്പ്യാരുടെ ഫലിതോക്തികൾ പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ സമകാലികനെന്ന് പറയപ്പെടുന്ന ഉണ്ണായി വാര്യരുമായുള്ള സംഭാഷണ ശകലങ്ങളെന്ന മട്ടിലുള്ള പല ഫലിതങ്ങളും തലമുറകളിലൂടെ വാമൊഴിയായി പകർന്നു ഇക്കാലം വരേയ്ക്കും എത്തിയിട്ടുണ്ട്. അസാധാരണമായ നർമ്മബോധവും കൗതുകമുണർത്തുന്ന ദ്വയാർത്ഥപരാമർശങ്ങളും ചേർന്ന അവ മലയാളികളുടെ ഫലിതശേഖരത്തിന്റെ പ്രിയപ്പെട്ട ഭാഗമായി തുടരുന്നു.
ആന ഇറങ്ങിയതുമൂലം കലങ്ങി കിടന്നിരുന്ന ഒരു കുളം കണ്ടപ്പോൾ വാര്യർ അതിനെ "കരി കലക്കിയ കുളം" എന്നും നമ്പ്യാർ "കളഭം കലക്കിയ കുളം" എന്നും വിശേഷിപ്പിച്ചു എന്നാണ് ഒരു കഥ. ആനയുടെ പര്യായങ്ങളായ കരി, കളഭം എന്നീ വാക്കുകൾ ഉപയോഗിച്ച് കുളം കലക്കിയത് ആനയാണെന്നാണ് രണ്ടുപേരും പറഞ്ഞതെങ്കിലും, ആദ്യശ്രവണത്തിൽ, കുളത്തിലെ വെള്ളത്തിന്റെ നിറം വ്യത്യസ്തരീതികളിൽ വർണ്ണിക്കുകയാണ് ഇരുവരും ചെയ്തതെന്നേ തോന്നൂ.
കുളിക്കാൻ പോകുന്ന സ്ത്രീയേയും ദാസിയേയും കണ്ടപ്പോൾ വാര്യർ "കാതിലോല?" (കാ അതിലോല -ആരാണു് അവരിൽ സുന്ദരി?) എന്നു ചോദിച്ചപ്പോൾ നമ്പ്യാർ "നല്ലതാളി" (നല്ലത് ആളി - തോഴിയാണ് കൂടുതൽ സുന്ദരി) എന്നു മറുപടി പറഞ്ഞു എന്നാണ് മറ്റൊരു കഥ. ഇവിടെ അർത്ഥം മനസ്സിലാകാത്തവർ ഈ സംഭാഷണത്തിൽ പരാമര്ശിക്കപ്പെട്ടത് യജമാനത്തി കാതിൽ അണിഞ്ഞിരുന്ന ആഭരണമായ ഓലയും ദാസി കയ്യിൽ കൊണ്ടുപോയിരുന്ന താളിയും ആണ് എന്നേ കരുതൂ.
കൊട്ടാരത്തിൽ നിന്ന് നമ്പ്യാർക്ക് ദിനം‌പ്രതി രണ്ടേകാൽ ഇടങ്ങഴി അരി കൊടുക്കാൻ മാർത്താണ്ഡവർമ്മ രാജാവ് കൊടുത്തിരുന്ന കല്പന ആ രാജാവിന്റെ മരണശേഷം വ്യത്യസ്തമായി വ്യാഖ്യനിച്ച് കവിയെ ബുദ്ധിമുട്ടിക്കുവാൻ ഒരു ശ്രമം നടന്നത്രെ. രണ്ടേകാൽ എന്നതിന് രണ്ടുകാൽ ഇടങ്ങഴി അതായത്, ഇരുനാഴി അരി എന്നേ അർത്ഥമുള്ളു എന്നായിരുന്നു കലവറ അധികാരിയായ അയ്യരുടെ വ്യാഖ്യാനം. രണ്ടുനേരം ഉണ്ടാൽ മതിയെന്നിരിക്കേ, ഓരോ ഊണിനും, ഓരോ കാൽ ഇടങ്ങഴി(നാഴി) അരിവീതം രണ്ടുകാൽ ഇടങ്ങഴി മതിയാവും എന്ന് അവിടെയുണ്ടായിരുന്ന കലവറക്കാരൻ പണ്ടാല വിശദീകരണവും കൊടുത്തു. ഇതിൽ പ്രതിക്ഷേധിച്ച് നമ്പ്യാർ കാർത്തികതിരുനാൾ മഹാരാജാവിന് കൊടുത്ത പരാതി ഇങ്ങനെ ആയിരുന്നു:-
രണ്ടേകാലെന്നു കല്പിച്ചു,
രണ്ടേ, കാലെന്നിതയ്യനും,
ഉണ്ടോ, കാലെന്നു പണ്ടാല
ഉണ്ടില്ലിന്നിത്ര നേരവും.

ഈ പ്രതിക്ഷേധം രാജാവിന് ബോദ്ധ്യമായെന്നും, നമ്പ്യാർക്ക് അദ്ദേഹം സങ്കടനിവൃത്തി വരുത്തി എന്നുമാണ് കഥ.

പഞ്ചതന്ത്രം.

  • അടുത്ത കവിയെപ്പറ്റി വായിക്കാന്‍ , മറ്റു കവികള്‍ എന്ന list ലേക്ക് തിരിച്ചു പോകൂ.... 

ഒരു മയില്‍പീലിയെക്കാള്‍ മൃദുലമായ...ഒരു മയില്‍‌പീലി പോലെ നിറവാര്‍ന്ന ഓര്‍മ്മകള്‍ക്കൊരിടം...